Wednesday, September 19, 2007

സേതുസമുദ്രം പദ്ധതിയെ വര്‍ഗീയവത്കരിക്കുന്നു


രാമനെ വീണ്ടും സംഘ്പരിവാര്‍ സംഘടനകള്‍ രാഷ്ട്രീയ ആയുധമാക്കുന്നു. സേതുസമുദ്രം ഷിപ്പിംഗ്‌ കനാല്‍ പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ നഷ്ടപ്പെട്ട ഹിന്ദു വോട്ടുകള്‍ ലക്ഷ്യം വെച്ചുള്ള ഗൂഢനീക്കമാണ്‌. ഹിന്ദുത്വ അജണ്ട പുനരുജ്ജീവിപ്പിച്ച്‌ രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താമെന്ന്‌ വര്‍ഗീയവാദികള്‍ കരുതുകയാണ്‌. പദ്ധതിക്കെതിരെ വ്യാപക സമരപരിപാടികള്‍ ബി ജെ പിയും വിശ്വഹിന്ദു പരിഷത്തും സംഘടിപ്പിക്കുന്നുണ്ട്‌. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ വി എച്ച്‌ പി രാജ്യവ്യാപകമായി മൂന്ന്‌ മണിക്കൂര്‍ റോഡ്‌ ഉപരോധിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ കോപ്പികള്‍ കത്തിക്കുമെന്ന്‌ യുവമോര്‍ച്ച ഭീഷണി മുഴക്കി. അയോധ്യയും ഗോധ്രയും ബി ജെ പിയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയ രാഷ്ട്രീയ സൃഷ്ടികളായിരുന്നു. ബാബറി മസ്ജിദ്‌ തകര്‍ത്ത്‌ കേന്ദ്രത്തില്‍ എളുപ്പത്തില്‍ അധികാരത്തിലേറാന്‍ ബി ജെ പിക്ക്‌ കഴിഞ്ഞു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആയിരങ്ങളെ കൊലപ്പെടുത്തി ഗുജറാത്തില്‍ അധികാരം നിലനിര്‍ത്താന്‍ നരേന്ദ്രമോഡിക്കും സാധിച്ചു. ഈ രാഷ്ട്രീയ തന്ത്രം തന്നെയാണ്‌ സേതുസമുദ്രം പദ്ധതിയുടെ പേരില്‍ പ്രയോഗിക്കുന്നതും. വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ ഇല്ലാതായ ഇടവേളകളെ സംഘ്പരിവാര്‍ സംഘടനകള്‍ വല്ലാതെ ഭയപ്പെടുന്നുവെന്നതിനുള്ള തെളിവു കൂടിയാണ്‌ പുതിയ പ്രക്ഷോഭങ്ങള്‍.അധികാരം നഷ്ടപ്പെടുമ്പോള്‍ വര്‍ഗീയ കാര്‍ഡുകള്‍ ഇറക്കി ഇന്ത്യന്‍ ജനതയെ ചതിക്കുഴിയില്‍ വീഴ്ത്തിയ ചരിത്രമാണ്‌ സംഘപരിവാറിന്റെ രാഷ്ട്രീയം. അധികാര വടംവലിയും അഴിമതിയും മൂലം തകര്‍ന്ന ബി ജെ പി സേതുസമുദ്രം പദ്ധതിയെ എങ്ങനെ വര്‍ഗീയവത്കരിക്കാന്‍ കഴിയുമെന്ന ഗവേഷണത്തിലാണിപ്പോള്‍. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നത്‌ തങ്ങളാണെന്നാണ്‌ ബി ജെ പി-വി എച്ച്‌ പി നേതാക്കളുടെ ധാരണ. ന്യൂനപക്ഷമായ ഒരു വിഭാഗത്തിന്റെ വിഷം ചീറ്റുന്ന വാക്കുകളെ അംഗീകരിക്കുന്നവരല്ല രാജ്യത്തെ ഭൂരിഭാഗം വരുന്ന ഹൈന്ദവ വിശ്വാസികള്‍. മതം പോലുള്ള വൈകാരിക വിഷയങ്ങള്‍ അനാവശ്യമായ ചര്‍ച്ചകള്‍ക്ക്‌ വിധേയമാക്കി രാഷ്ട്രീയം നേട്ടമുണ്ടാക്കാമെന്നുള്ള കുതതന്ത്രമാണ്‌ ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ക്ക്‌ പിന്നില്‍. വിശ്വഹിന്ദുപരിഷത്ത്‌ നേതാവ്‌ പ്രവീണ്‍ തൊഗാഡിയ പദ്ധതിക്കെതിരെ സജീവമായി രംഗത്തെത്തിയിട്ടുണ്ട്‌. വര്‍ഗീയ വിഷം ചീറ്റുന്ന പരാമര്‍ശങ്ങളാണ്‌ ഇക്കാര്യത്തില്‍ അദ്ദേഹം നടത്തിയത്‌. കടല്‍ മാര്‍ഗമുള്ള വാണിജ്യ ബന്ധത്തിന്‌ ഏറെ സഹായകരമാവുന്ന കനാല്‍ പദ്ധതിക്കെതിരെയുള്ള നീക്കം ഇന്ത്യയുടെ വളര്‍ച്ചയെ തുരങ്കം വെക്കാന്‍ കൂടിയാണ്‌. ഹൈന്ദവ വിശ്വാസ പ്രകാരം രാവണന്‍ അപഹരിച്ച സീതയെ വീണ്ടെടുക്കാന്‍ ലങ്കയിലേക്ക്‌ വാനരസേന കടലില്‍ കല്ലിട്ട്‌ നിര്‍മിച്ച പാലമാണ്‌ 'രാമര്‍ സേതു'. ഇതില്‍ തുളകള്‍ ഉണ്ടാക്കി സ്ഫോടക വസ്തുക്കള്‍ വെച്ച്‌ തകര്‍ക്കാന്‍ ശ്രമിക്കുന്നവെന്ന്‌ സംഘ്പരിവാര്‍ സംഘടനകള്‍ കുപ്രചാരണം നടത്തുകയാണ്‌. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു നീക്കവും അധികൃതരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല. നുണപ്രചാരം നടത്തി സംഘര്‍ഷം സൃഷ്ടിക്കാനാണ്‌ ചിലരുടെ ശ്രമം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക്‌ ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതിയാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്‌. വിശ്വാസത്തെ വ്രണപ്പെടുത്തുന്ന നീക്കമൊന്നും സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകാത്ത സ്ഥിതിക്ക്‌ പ്രശ്നത്തെ അനാവശ്യമായ വിവാദങ്ങളിലേക്ക്‌ വലിച്ചിഴച്ച്‌ സങ്കീര്‍ണമാക്കുകയാണ്‌.രാമേശ്വരത്ത്‌ ധനഷ്കോടി മുതല്‍ തലൈമാന്നാറുവരെ ഏകദേശം 48 കിലോമീറ്റര്‍ ദൂരത്തില്‍ പാക്‌ കടലിടുക്കിനും ഗള്‍ഫ്‌ ഓഫ്‌ മാന്നറിനുമിടയില്‍ ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന ചുണ്ണാമ്പു ശൃംഖലയാണ്‌ രാമസേതു. ഈ ഭാഗത്ത്‌ സമുദ്രത്തിന്റെ്‌ ആഴം മൂന്ന്‌ മുതല്‍ പത്തു മീറ്റര്‍ വരെയാതിനാല്‍ കപ്പല്‍ഗതാഗതം സാധ്യമല്ല. അതിനാല്‍ മണല്‍ കോരിയെടുത്ത്‌ ആഴം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോഴത്തെ നിലയില്‍ നിന്നും കുറച്ച്‌ മീറ്റര്‍ കൂടി ആഴം വര്‍ധിപ്പിച്ചാല്‍ മാത്രമെ കപ്പലിന്‌ ഇതുവഴി കടന്നുവാരാന്‍ കഴിയുകയുള്ളൂ. എന്നാല്‍ 'രാമസേതു' പൂര്‍ണമായും തകര്‍ക്കുകയാണെന്ന നിരര്‍ഥകമായ പ്രചാരമാണ്‌ വര്‍ഗീയ ശക്തികള്‍ നടത്തുന്നത്‌. ആര്‍ക്ക്യോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവാദമായ പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്‌. "രാമന്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഹിമാലയത്തെപ്പോലെയും ഗംഗയെപ്പോലെയുമാണ്‌ രാമന്‍. ഭഗവാന്റെ നിലനില്‍പ്പിന്‌ യാതൊരു തെളിവിന്റെയും ആവശ്യമില്ല. ഹിന്ദുക്കളുടെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമാണ്‌ രാമന്‍. നമ്മുടെ സംസ്കാരത്തില്‍ നിന്നും രാമനെ മാറ്റി നിര്‍ത്താനാവില്ല."- സര്‍ക്കാറിന്റെ നിലപാട്‌ വിശദീകരിച്ച്‌ നിയമമന്ത്രി എച്ച്‌ ആര്‍ ഭരദ്വാജ്‌ നടത്തിയ നിരീക്ഷണം പ്രസക്തമാണ്‌. സത്യവാങ്മൂലത്തിലെ 5,6,20 ഖണ്ഡികകളിലെ പരാമര്‍ശങ്ങളാണ്‌ സംഘ്പരിവാറുകാര്‍ ആയുധമാക്കിയത്‌. രാമായണത്തിലെ രാമനും സീതയും മറ്റുള്ളവരും തങ്ങളുടെ മതവികാരം മാത്രമാണെന്ന്‌ ബി ജെ പിയും വി എച്ചി പിയും കരുതുന്നത്‌ മൗഢ്യമാണ്‌. ഇന്ത്യയിലെ മുഴുവന്‍ ഹിന്ദുമത വിശ്വാസികളുടെയും വികാരമാണ്‌ രാമായണം. രാഷ്ട്രീയ ലാഭത്തിനുവേണ്ടി സേതുസമുദ്രം പദ്ധതിയെ തകര്‍ക്കാമെന്നാണ്‌ സംഘ്പരിവാര്‍ സംഘടനകളുടെ ചിന്ത. വിശ്വാസികളെ വൈകാരികമായി ചൂഷണം ചെയ്ത്‌ വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമം അപകടകരമാണ്‌. ഇന്ത്യന്‍ ജനതയെ വര്‍ഗീയ കാര്‍ഡിറക്കി വീണ്ടും ചതിക്കുഴിയില്‍ വീഴ്ത്തി അധികാരത്തില്‍ കയറിപ്പറ്റാമെന്നാണ്‌ ബി ജെ പിയുടെയും വി എച്ച്‌ പിയും കരുതുന്നത്‌. പദ്ധതി നടപ്പാക്കുന്നത്‌ വൈകിയാല്‍ ഇന്ത്യക്ക്‌ കനത്ത നഷ്ടമാണ്‌ ഉണ്ടാവുക. തമിഴ്‌നാടിന്റെ തീരദേശമേഖലയുടെ സാമ്പത്തികവും വ്യാവസായികവുമായ വളര്‍ച്ചക്ക്‌ പദ്ധതി സഹായകരമാവും. ഇന്ത്യയുടെ പടിഞ്ഞാറ്‌ ഭാഗത്തു നിന്ന്‌ കിഴക്ക്‌ ഭാഗത്തേക്ക്‌ കടല്‍ മാര്‍ഗമുള്ള ചരക്കു ഗതാഗതം സുഖമമാക്കാന്‍ പദ്ധതിയിലൂടെ കഴിയും. വലിയ കപ്പലുകള്‍ക്ക്‌ 650 കിലോമീറ്ററോളം ദൂരം ലാഭിക്കാന്‍ കഴിയും. തുത്തിക്കോണം തുറമുഖത്തിന്‌ വന്‍ നേട്ടമാണ്‌ ഉണ്ടാവുക. എന്നോര്‍, കുദ്ദലൂര്‍, നാഗപട്ടണം, തോന്‍ദി, വലിനോകം, കുളച്ചല്‍, കന്യാകുമാരി എന്നിവയടക്കം പതിമൂന്ന്‌ തുറമുഖങ്ങള്‍ക്ക്‌ കപ്പല്‍ ഗതാഗതം ഏറെ പ്രയോജനം ചെയ്യുമെന്ന്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ പറയുന്നു. സേതുസമുദ്രം കനാലിന്റെയും തുറമുഖത്തിന്റെയും വികസനം സംസ്ഥാനത്തെ തീരദേശ സുരക്ഷ ശക്തമാക്കാനിടയാക്കും. മധ്യപൗരസ്ത്യ ദേശം, ആഫ്രിക്ക, മൗറീഷ്യസ്‌, യൂറോപ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള വന്‍ കപ്പലുകള്‍ക്ക്‌ വെറും എട്ടു മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെത്താന്‍ ഈ കനാല്‍ പദ്ധതിയിലൂടെ സാധിക്കും. വന്‍ സാമ്പത്തിക നേട്ടമാണ്‌ ഇതിലൂടെ ലഭിക്കുക. ആഫ്രിക്ക, യൂറോപ്‌ എന്നിവിടങ്ങളില്‍ നിന്നും ചരക്കുകളുമായി വരുന്ന കപ്പലുകള്‍ക്ക്‌ 4,992 ഡോളറാണ്‌ ചെലവു വരുന്നത്‌. യാത്രാ സമയം ലാഭിക്കുന്നതിലൂടെ ചെലവ്‌ പകുതിയായി കുറയ്ക്കാന്‍ കഴിയും. ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയില്‍ മുപ്പത്‌ കിലോ മീറ്റര്‍ ദൂരത്തില്‍ കപ്പല്‍ ഗതാഗതം സാധ്യമാക്കുന്ന പദ്ധതി കൂടിയാണ്‌ സേതുസമുദ്രം.

Thursday, September 6, 2007

താലിബാന്‍വത്കരിക്കപ്പെടുന്ന അയല്‍രാജ്യം





കറാച്ചിയിലും ലാഹോറിലും ശീഅ-സുന്നീ പോരാട്ടങ്ങള്‍ നിത്യസംഭവമായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പാക്‌ ഭരണ കൂടങ്ങളെ ഏറെ പ്രതിസന്ധിയിലാക്കിയ കലഹങ്ങളായിരുന്നു അത്‌. അക്രമികളെ അടിച്ചൊതുക്കാന്‍ സര്‍ക്കാറിന്‌ ഏറെക്കുറെ കഴിഞ്ഞിരുന്നെങ്കിലും ഭരണ കക്ഷിയിലെ ചില നേതാക്കളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഇരു വിഭാഗങ്ങള്‍ക്കും പ്രോത്സാഹനമായി മാറി. നിയന്ത്രണാതീതമായ ദുരവസ്ഥയിലേക്ക്‌ ആ രാജ്യം കൂപ്പുകുത്തിയത്‌ ഭരണാധികാരികളുടെ ഗുരുതരമായ വീഴ്ചകള്‍ തന്നെയാണ്‌. 1999ല്‍ പര്‍വേസ്‌ മുഷറഫ്‌ ജനാധിപത്യം അട്ടിമറിച്ച്‌ ഭരണാധികാരിയായി സ്വയം പ്രഖ്യാപിക്കുന്നതിന്‌ മുമ്പും രാജ്യത്ത്‌ ആഭ്യന്തര സംഘര്‍ഷവും ഭീകര പ്രവര്‍ത്തനവും സജീവമായിരുന്നു. നവാസ്‌ ശരീഫിനെ അധികാര ഭ്രഷ്ടനാക്കിയതൊന്നുമല്ല രാജ്യത്ത്‌ തീവ്രവാദം ശക്തിപ്രാപിക്കാനിടയാക്കിയത്‌. മുഷറഫിന്റെ നടപടി ജനവിരുദ്ധമാണെങ്കിലും ഇതിനെതിരെ രാജ്യത്തെ ചില സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക്‌ ഗൂഢലക്ഷ്യങ്ങളുണ്ട്‌. അധികാര സോപാനത്തില്‍ കയറിയിരിക്കാനുള്ള മതമൗലികവാദികളുടെ ശ്രമമാണ്‌ ഇതിന്‌ പിന്നിലെന്ന വിമര്‍ശനം വ്യാപകമാണ്‌. ലാല്‍ മസ്ജിദില്‍ താവളമാക്കിയ ഭീകരര്‍ ലക്ഷ്യമിട്ടതും ഇതുതന്നെയായിരുന്നു. പാകിസ്താനിലെ ചില മാധ്യമങ്ങളും ഇക്കാര്യത്തില്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. തീവ്രവാദികളെ തുരത്തിയ പ്രസിഡന്റിന്റെ നടപടിക്ക്‌ അന്താരാഷ്ട്ര പിന്തുണ ലഭിച്ചിരുന്നു.അരാജകത്വം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ ഭീകരവാദത്തിന്‌ പ്രോത്സാഹനമാവും. അവകാശങ്ങള്‍ തിരിച്ചു പിടിക്കാനുള്ള ചെറുത്തു നില്‍പുകളും ഇതിനിടയില്‍ ഉണ്ടാകാനിടയുണ്ട്‌. എന്നാല്‍ ഈ ചെറുത്തു നില്‍പുകള്‍ ഭീകരവാദത്തിന്റെ മറവില്‍ ഇല്ലാതാകാനും സാധ്യതയേറെയാണ്‌. മധ്യപൗരസ്ത്യ ദേശത്തും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലുമുള്ള അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെ ഇക്കൂട്ടത്തില്‍ പെടുത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കാറുണ്ട്‌. ഈ പ്രതിരോധങ്ങളുടെ മറവില്‍ ഭീകരവാദം വളര്‍ത്താന്‍ ചില സംഘടനകള്‍ ശ്രമം നടത്തുകയാണ്‌. പാലസ്തീന്‍, ലബനാന്‍, ഇറാന്‍, സൊമാലിയ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന ജനാധിപത്യ പോരാട്ടങ്ങള്‍ ഭീകരവാദമായി മുദ്രകുത്തപ്പെടുകയാണ്‌. എന്നാല്‍ ഈ സമരങ്ങളില്‍ കടന്നു കൂടി ഭീകരവാദികള്‍ നികൃഷ്ടമായ അക്രങ്ങള്‍ നടത്തുന്നു.പാകിസ്താന്‍ നേരിടുന്ന പ്രധാന ഭീഷണിയും ഇതാണ്‌. ജനാധിപത്യം അട്ടിമറിക്കപ്പെട്ടതില്‍ രാജ്യത്തെ ജനങ്ങളള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ശക്തമായ പ്രതിഷേധമുണ്ട്‌. സുപ്രിം കോടതി ചീഫ്‌ ജസ്റ്റിസായിരുന്ന ഇഫ്ത്തികര്‍ ചൗധരിയെ പുറത്താക്കിയതിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളില്‍ നുഴഞ്ഞു കയറി പ്രതിഷേധത്തിന്റെ ദിശ തിരിച്ചു വിടാന്‍ തീവ്രവാദികള്‍ ശ്രമിച്ചിരുന്നു. തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്ന പ്രവിശ്യകളില്‍ സൈന്യം നടത്തുന്ന റെയ്ഡുകളാണ്‌ പലപ്പോളും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്‌. ബലൂചിസ്താനിലെയും അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളിലെയും ഭീകരരുടെ ഒളിത്താവങ്ങളെ ലക്ഷ്യമാക്കി സൈന്യം നടത്തുന്ന അക്രമങ്ങള്‍ മതമൗലിക വാദികളായ നേതാക്കളെ പ്രകോപിപ്പിക്കാറുണ്ട്‌. ബലൂചിസ്താനെ പ്രത്യേക മേഖലയായി അംഗീകരിക്കണമെന്ന ഗോത്രവര്‍ഗ തീവ്രവാദികളുടെ ആവശ്യം അംഗീകരിക്കില്ലെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. രാജ്യത്തിനകത്ത്‌ മറ്റൊരു രാജ്യം സൃഷ്ടിക്കാനുള്ള ശ്രമം ദയാരഹിതമായി അടിച്ചമര്‍ത്തേണ്ടതു തന്നെയാണ്‌. ബലൂചിലെ പ്രകൃതി വാതക ശേഖരം തങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്നാണ്‌ ഗോത്രവര്‍ഗ തീവ്രവാദികളുടെ അവകാശം. എന്നാല്‍ പ്രകൃതിവിഭവങ്ങള്‍ രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന്‌ ഉപയോഗിക്കുമെന്ന്‌ സര്‍ക്കാര്‍ ഉറപ്പിച്ചു പറയുന്നു. ഇത്‌ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയാണ്‌. പ്രസിഡന്റ്‌ മുഷറഫിനെ അംഗീകരിക്കില്ലെന്നും ഗോത്രവര്‍ഗ നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. മേഖലയിലുണ്ടായ സംഘടനങ്ങളില്‍ നിരവധി തീവ്രവാദികളും സൈനികരും ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്‌. പാകിസ്താനെ താലിബാന്‍വത്കരിക്കാനുള്ള അപരിഷ്കൃത ഭീകരരുടെ സജീവമായ പ്രവര്‍ത്തനമാണ്‌ രാജ്യത്ത്‌ നടക്കുന്ന ചാവേര്‍ സ്ഫോടനങ്ങളിലൂടെ വെളിപ്പെടുന്നത്‌. കഴിഞ്ഞ ചൊവ്വാഴ്ച റാവല്‍പിണ്ടിയില്‍ രണ്ടിടത്തുണ്ടായ സ്ഫോടനങ്ങള്‍ മനുഷ്യ സ്നേഹികളെ ഏറെ ആശങ്കപ്പെടുത്തുന്നു. സ്വന്തം സഹോദരങ്ങളുടെ ചോരയാണ്‌ ഭീകരര്‍ തെരുവില്‍ ചിന്തുന്നത്‌. രാജ്യം ഭരിച്ചവര്‍ മതമൗലിക വാദികളോട്‌ മൃദുസമീപനം പുലര്‍ത്തിയതാണ്‌ ഇത്തരം ക്രൂരമായ നടപടികളിലേക്ക്‌ ഭീകര സംഘടനകളെ നയിക്കുന്നത്‌. ഒരേ സമയം ഭീകരവാദത്തിന്റെ സ്പോണ്‍സറായും ഇരയായും മാറുന്ന പാകിസ്താന്‍ ആഭ്യന്തര പ്രശ്നത്താല്‍ വീര്‍പ്പ്‌ മുട്ടുകയാണ്‌. സമാധാന കാംക്ഷികളായ ജനവിഭാഗത്തിന്‌ ജീവിതം ദുസ്സഹമായി മാറിയ സാഹചര്യമാണ്‌ രാജ്യത്ത്‌ നിലനില്‍ക്കുന്നത്‌. മതപരവും രാഷ്ട്രീയപരവുമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കൊപ്പം ഭീകര പ്രവര്‍ത്തനവും രാജ്യത്തെ തകര്‍ച്ചയിലേക്ക്‌ നയിക്കുകയാണ്‌. സമാധാനം പുലര്‍ന്നു കാണേണ്ട ഇസ്ലാമിക രാജ്യം പൂര്‍ണമായും അരക്ഷിതാവസ്ഥയിലൂടെ നീങ്ങുകയാണ്‌. അയല്‍രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ ഭീകരരെ കയറ്റിയക്കുന്ന പാക്‌ നയം അവര്‍ക്കു തന്നെ തിരിച്ചടിയായി മാറി. ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനത്തിന്‌ ഭരണകൂടം തയ്യാറാവേണ്ടിയിരിക്കുന്നു. പ്രവാസ ജീവിതം കഴിഞ്ഞ്‌ രാജ്യത്തേക്ക്‌ മടങ്ങാന്‍ തയ്യാറെടുക്കുന്ന നവാസ്‌ ശരീഫും ബേനസീര്‍ ഭൂട്ടോയും ഭീകരവാദത്തിനെതിരെ കടുത്ത നിലപാടുകള്‍ എടുക്കുമോയെന്ന്‌ കാത്തിരുന്നു കാണാം. അധികാര മോഹം സാക്ഷാത്കരിക്കാന്‍ മതമൗലികവാദികളോട്‌ ഇനിയും വിട്ടു വിഴ്ചക്ക്‌ തയ്യാറായാല്‍ ഒരു രാജ്യത്തിന്റെ സമ്പൂര്‍ണ തകര്‍ച്ചക്കായിരിക്കും ലോകം സാക്ഷിയാവുക. നവംബര്‍ 15ന്‌ പ്രസിഡന്റിന്റെ കാലാവധി അവസാനിക്കുമെന്ന്‌ സുപ്രീം കോടതി പ്രഖ്യാപിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പിന്‌ ശേഷം രാജ്യത്ത്‌ അധികാരമേല്‍ക്കുന്നത്‌ സമാധാനം സൃഷ്ടിക്കാന്‍ പ്രാപ്തമായ ജനാധിപത്യ ഭരണകൂടമാകണമെന്നാണ്‌ ഇന്ത്യയുടെ ആഗ്രഹം.

Wednesday, September 5, 2007

ഭരണകൂട ഭീകരതക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍







നന്ദിഗ്രാമിലെ പൊലീസ്‌ വെടിവെപ്പിനെ ന്യായീകരിക്കുന്ന സി പി എം ബംഗാള്‍ നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനുമെതിരെ സി പി ഐ(മാവോയിസ്റ്റ്‌) ജനറല്‍ സെക്രട്ടറി ഗണപതിയുടെ രൂക്ഷ വിമര്‍ശനം. നന്ദിഗ്രാം സംഭവത്തിന്റെ ഭീകരത നേരിട്ട്‌ മനസ്സിലാക്കിയ കമ്യൂണിസ്റ്റ്‌ നേതാവാണ്‌ അദ്ദേഹം. ഒരു വാരികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ്‌ സി പി എമ്മിന്റെ ഭരണകൂട ഭീകരതക്കെതിരെ ഗണപതി തുറന്നടിച്ചത്‌. പാവപ്പെട്ട കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത്‌ ബഹുരാഷ്ട്ര കമ്പനികള്‍ക്ക്‌ കൊടുക്കുന്നതിനെതിരെയാണ്‌ മേഖലയില്‍ കര്‍ഷക പ്രക്ഷോഭം നടന്നതെന്നും സി പി എം സോഷ്യല്‍ ഫാസിറ്റുകളുടെ വൃത്തികെട്ട ക്രൂരമുഖമാണ്‌ നന്ദിഗ്രാം വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 'അവരുടെ ഗുണ്ടകള്‍ പൊലീസിനൊപ്പം ചേര്‍ന്ന്‌ ജനങ്ങള്‍ക്കെതിരായി വിവരാണീതമായ അതിക്രമങ്ങള്‍ നടത്തുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കുട്ടികളുള്‍പ്പെടെ നൂറുകണക്കിനാളുകളെ കൊലപ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ ശവശരീരങ്ങള്‍ കുഴിച്ചു മൂടുകയോ, പുഴയിലേക്കെറിയുകയോ ചെയ്തുവെന്നതാണ്‌ ഏറ്റവും വെറിപ്പുളവാക്കുന്ന സംഗതി. ബുദ്ധദേബ്‌ ബംഗാളിലെ ഡയറായി മാറിയിരിക്കയാണ്‌. വന്‍കിട ദല്ലാള്‍ സംഘങ്ങളുടെയും ബഹുരാഷ്ട്ര കുത്തകകളുടെയും ഏറ്റവും വിശ്വസ്തനായ സേവകനാണ്‌ താനെന്ന്‌ അയാള്‍ സ്വയം തെളിയിച്ചിരിക്കുന്നു. ഒരു യഥാര്‍ഥ ദല്ലാളിനെപ്പോലെ ജനങ്ങളുടെ ഭൂമി ഏറ്റെടുക്കുകയും വന്‍കിട ബിസിനസ്സുകാര്‍ക്ക്‌ കൈമാറുകയും ചെയ്യുന്ന ദൗത്യം ബുദ്ധദേബ്‌ ഏറ്റെടുത്തിരിക്കുന്നു.'- ഗണപതി വിമര്‍ശിച്ചു.ബഹുരാഷ്ട്ര കുത്തകകളുടെയും വന്‍കിട ബിസിനസ്സുകാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള രാജ്യത്തെ ഏറ്റവും വിശ്വസ്തരായ സേവകരാണ്‌ സി പി എമ്മെന്ന്‌ നന്ദിഗ്രാം സംഭവത്തോടു കൂടി വെളിപ്പെട്ടിരിക്കയാണ്‌. മാര്‍കിസ്റ്റ്‌ മുഖം മൂടിയടിഞ്ഞ ഇത്തരം വിശ്വസ്ത സേവകരെ ഭാവിയില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ പ്രതിഷ്ഠിക്കാമെന്നാണ്‌ അവര്‍ കരുതുന്നത്‌. അക്രമണത്തിന്‌ പിന്നില്‍ മാവോയിസ്റ്റുകളാണെന്ന്‌ സി പി എം പ്രചാരണത്തെ ഗണപതി ശക്തമായി ഖണ്ഡിച്ചു. നന്ദിഗ്രാമില്‍ മാവോയിസ്റ്റുകളാണ്‌ അക്രമം ഇളക്കിവിട്ടതെന്ന്‌ പറയുന്ന സി പി എം ഭരണാധികാരികളുടെ സാഹസം കണ്ട്‌ ലോകം പൊട്ടിച്ചിരിക്കും. ബുദ്ധദേബിനെയും കാരാട്ടിനെയും യെച്ചൂരിയെയും പോലുള്ള 'മാര്‍കിസ്റ്റുകള്‍' നുണപറയെലെന്ന കലയെ എത്രമാത്രം വികസിപ്പിച്ചുവെന്നത്‌ കാണുമ്പോള്‍ ഗീല്‍സ്‌ പോലും കല്ലറക്കുള്ളില്‍ കിടന്ന്‌ ചിരിക്കും. പുറത്തു നിന്നുള്ള മാവോയിസ്റ്റുകള്‍ പ്രദേശവാസികളെ ഇളക്കി വിട്ട്‌ അക്രമമുണ്ടാക്കുകയും അതിനാല്‍ പൊലീസിന്‌ അത്മരക്ഷാര്‍ഥം വെടിവെക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലായിരുന്നുവെന്ന ന്യായവാദങ്ങള്‍ വിരസമായി ആവര്‍ത്തിക്കുകയാണ്‌ സി പി എം നേതാക്കള്‍. ഈ കപട നാട്യക്കാരുടെയും ഇരട്ടത്താപ്പുകാരുടെയും കണ്ണില്‍ സലിം ഗ്രൂപ്പും ടാറ്റയും അന്യനാട്ടുകാരല്ല. കൂട്ടക്കൊല നടത്തുന്നതിന്‌ വമ്പിച്ച പൊലീസ്‌ സേനയോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ആയിരക്കണക്കിന്‌ ഗുണ്ടകളെയും സി പി എം നേതാക്കള്‍ നന്ദിഗ്രാമില്‍ എത്തിച്ചിരുന്നു. ഇതൊന്നും ലോകം അറിയില്ലെന്ന്‌ ഒട്ടകപക്ഷിയെപ്പോലെ അവര്‍ കരുതുകയാണ്‌. നന്ദിഗ്രാമിലെ നിഷ്ഠൂരമായ കൂട്ടക്കൊലയെ ന്യായീകരിക്കുന്നതിനു വേണ്ടി കാരാട്ടുമാരും യെച്ചൂരിമാരും ഇത്‌ മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുകയാണ്‌-ഗണപതി തുറന്നടിച്ചു. പതിനാലു കര്‍ഷകരാണ്‌ സി പി എം ക്രിമിനലുകളുടയും പൊലീസിന്റെയും അക്രമത്തില്‍ നന്ദിഗ്രാമില്‍ കൊല്ലപ്പെട്ടത്‌. ഇതിനെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം അലയടിച്ചിരുന്നു.

Tuesday, September 4, 2007

വിനീത ടീച്ചര്‍: ഉപരോധത്തില്‍ തളരാത്ത കമ്മ്യൂണിസത്തിന്റെ ഇര


"സഹായത്തിന്‌ എനിക്കും രണ്ടു മക്കള്‍ക്കും ആരുമില്ലായിരുന്നു. സി പി എമ്മുകാരുടെ ഭീഷണി മൂലം അയല്‍ക്കാര്‍ വീട്ടിലേക്ക്‌ വരാന്‍ മടിച്ചു. പക്ഷികളും ഇഴജന്തുക്കളും മാത്രമായിരുന്നു ഞങ്ങള്‍ക്ക്‌ കൂട്ട്‌. വഴിയില്‍ കണ്ടാല്‍ ഒരു വാക്ക്‌ പോലും സംസാരിക്കാന്‍ ആളുകള്‍ ഭയപ്പെടുന്നു. മുംബൈയിലേക്ക്‌ തിരിച്ചുപോവുകയെന്നത്‌ അസാധ്യമായ കാര്യമാണ്‌. എനിക്കവിടെ പ്രിയപ്പെട്ടവരായി ആരുമില്ല. വീടും ഭര്‍ത്താവും സഹോദങ്ങളും ഇല്ല. അതുകൊണ്ട്‌ ഞാനെവിടേക്കും പോകുന്നില്ല. ഇതാണെന്റെ വീട്‌. എന്റെ മുന്നില്‍ മറ്റ്‌ മാര്‍ഗങ്ങള്‍ ഒന്നുമില്ല. മുംബൈയിലായപ്പോള്‍ അധോലോക രാജാക്കന്മാരായ ദാവൂദ്‌ ഇബ്രാഹിമിനെയും ഛോട്ടോ രാജനെയുമൊക്കെ പേടിക്കണമെന്ന്‌ മകനോട്‌ പറയാറുണ്ടായിരുന്നു. പക്ഷേ അവരാരും പാവപ്പെട്ടവരെ വെറുതെ ദ്രോഹിക്കാന്‍ വരാറില്ല. ജന്മനാട്ടിലെത്തിയപ്പോള്‍ വെറുതെ വഴിയേ നടന്നു പോകുന്ന എന്റെ കുട്ടിയെ ഇ സി ബാലനും മകനും പിടിച്ചു തല്ലും. സ്കൂളില്‍ പോകാനിറങ്ങുന്ന ഇളയകുട്ടിക്കും കിട്ടും തല്ല്‌. സ്വന്തം പറമ്പിലിറങ്ങിയാല്‍ എനിക്കും മര്‍ദ്ദനം തന്നെ. എന്റെ മകന്‍ ഋഷികേശ്‌ പറയുമായിരുന്നു, അമ്മയുടെ സ്ഥലം എത്ര മോശം. അച്ഛന്റെ മുംബൈയാണ്‌ നല്ലത്‌."- മുമ്പ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ തന്റെ ദുരിത ജീവിതം വിവരിക്കുന്നതിനിടയില്‍ കുന്നുമ്മല്‍ പഞ്ചായത്തിലെ പാതിരിപ്പറ്റ വിനീത ആര്‍ കോട്ടയായി പറഞ്ഞവാക്കുകളാണിത്‌. പാര്‍ട്ടി ഗ്രാമത്തില്‍ വിനീതയുടെ ദുരവസ്ഥ ഇപ്പോഴും മാറ്റങ്ങളില്ലാതെ തുടരുന്നു.ആത്മവിശ്വാസം ചോരാതെ വിനീത ടീച്ചര്‍ ഇന്നും പോരാട്ടത്തിന്റെ പാതയിലാണ്‌. പതിമൂന്ന്‌ വര്‍ഷമായി ഈ വിധവക്കും മക്കള്‍ക്കുമെതിരെ സി പി എം ഉപരോധം തുടങ്ങിയിട്ട്‌. കെ എസ്‌ കെ ടി യു നേതാവായ ഇ സി ബാലന്റെ ഭാര്യക്ക്‌ തൊഴില്‍ നിഷേധിച്ചെന്ന്‌ ആരോപിച്ചാണ്‌ 1993ല്‍ വിനീതക്കും കുടുബത്തിനുമെതിരെ സി പി എം കടുത്ത ഉപരോധം ആരംഭിച്ചത്‌. കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും നാദാപുരം കലാപങ്ങളുടെ മുഖ്യസൂത്രധാരനുമായിരുന്ന എ കണാരനായിരുന്നു ഉപരോധത്തിന്‌ നേതൃത്വം നല്‍കിയത്‌. ഒരു തുണ്ട്‌ ഭൂമി പോലും സ്വന്തമായി ഇല്ലാതിരുന്ന ഇ സി ബാലനും അമ്മക്കും താമസിക്കാന്‍ സ്ഥലം നല്‍കിയത്‌ വിനീതയുടെ കമ്മ്യൂണിസ്റ്റുകാരനായ അച്ഛന്‍ കുമാരന്‍ മാസ്റ്റര്‍ ആയിരുന്നു. എന്നാല്‍ പാല്‌ കൊടുത്ത കൈയ്ക്ക്‌ തന്നെ ബാലന്‍ ആഞ്ഞു കൊത്തി. മഹാരാഷ്ട്രയില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്ന വിനീത ഭര്‍ത്താവ്‌ രാജേന്ദ്രന്‍ മരിച്ചതിനു ശേഷം നാട്ടില്‍ തിരിച്ചെത്തി സ്ഥിരമായി താമസിക്കുകയായിരുന്നു. വിനീത മുംബൈയിലേക്ക്‌ തിരിച്ചു പോവുന്നില്ലെന്ന്‌ മനസ്സിലാക്കിയ ബാലനും കൂട്ടരും അനാവിശ്യമായി പ്രശ്നങ്ങള്‍ ഉണ്ടാക്കി. 2004ല്‍ ഉപരോധം പിന്‍വലിച്ചെന്ന്‌ അന്തരിച്ച സി പി എം നേതാവ്‌ മത്തായി ചാക്കോ പ്രഖ്യാപിച്ചെങ്കിലും അതൊന്നും കൂട്ടാക്കാന്‍ പാതിരിപ്പറ്റയിലെ 'വിപ്ലവകാരികള്‍' തയ്യാറായില്ല. പ്രതികാര രാഷ്ട്രീയമെന്ന ക്രൂരതയുടെ ആള്‍ രൂപങ്ങളായി മാറിയവരായിരുന്നു അവര്‍. പാര്‍ട്ടി ഗ്രാമങ്ങളില്‍ എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയമാണ്‌ സി പി എമ്മിന്റെത്‌. വിനീതയും മക്കളും ഒരിക്കല്‍ പോലും സി പി എമ്മിനെ വിമര്‍ശിച്ചിട്ടില്ല. എന്നിട്ടും അവര്‍ക്കു നേരെ രണ്ട്‌ തവണ ഇ സി ബാലന്റെ നേതൃത്വത്തില്‍ വധശ്രമമുണ്ടായി. വീട്ടിലിരുന്ന്‌ ടി വി കാണുമ്പോള്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിനീത അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഈ കേസില്‍ ബാലനെതിരെ കോടതിയില്‍ മൊഴിനല്‍കിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ വിനീതയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം നടന്നു. കഴിഞ്ഞ ജൂലൈ 11നായിരുന്നു ഈ സംഭവം. കൈക്ക്‌ വെട്ടേറ്റ്‌ വിനീതക്ക്‌ ദിവസങ്ങളോളം കുറ്റ്യാടി സര്‍ക്കാര്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ഈ കേസില്‍ ബാലന്‍ റിമാന്റിലായിരുന്നു.വിനീതക്കെതിരെയുള്ള ഉപരോധം പിന്‍വലിച്ചത്‌ പ്രസ്താവനയില്‍ മാത്രം ഒതുങ്ങുകയും പ്രാദേശിക സി പി എം നേതാക്കളുടെ ഒത്താശയോടെ ഇ സി ബാലന്റെ നേതൃത്വത്തില്‍ പീഡനം തുടരുകയും ചെയ്യുന്ന സ്ഥിതിയാണ്‌ ഇപ്പോഴുള്ളത്‌. ബാലനെ സംരക്ഷിക്കുന്നത്‌ പാര്‍ട്ടി തന്നെയാണ്‌. വിനീതക്ക്‌ നഷ്ടപരിഹാരം നല്‍കുമെന്ന്‌ സി പി എം നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു സഹായവും ഇതുവരെ അവരെ തേടിയെത്തിയിട്ടില്ല.ഉപരോധം അവഗണിച്ച്‌ വീട്ടു പറമ്പില്‍ ജോലിക്കെത്തിയ തൊഴിലാളികളെ സി പി എമ്മുകാര്‍ ഭീഷണിപ്പെടുത്തി ഓടിച്ചു. ഉപരോധം മൂലം വരുമാനമൊന്നും ഇല്ലാതിരുന്ന വിനീതയെ പറമ്പില്‍ വീഴുന്ന തേങ്ങപോലും എടുക്കാന്‍ ബാലനും കൂട്ടരും സമ്മിതിച്ചിരുന്നില്ല. വിലക്കുള്ളതിനാല്‍ തെങ്ങു കയറ്റ തൊഴിലാളികള്‍ ജോലിക്കെത്തിയില്ല. വിനീതയും കുട്ടികളും പറമ്പില്‍ ഇറങ്ങുന്നത്‌ സി പി എം കര്‍ശനമായി തടഞ്ഞിരുന്നു. പറമ്പിലെവിടെയെങ്കിലും അവരെ കണ്ടാല്‍ ബാലനും മകനും മൃഗീയമായി മര്‍ദ്ദിക്കുമായിരുന്നു. പാര്‍ട്ടിയെ പേടിച്ച്‌ ഈ ക്രൂരതയ്ക്ക്‌ നേരെ നാട്ടുകാര്‍ കണ്ണടച്ചു. സഹായത്തിന്‌ ആരുമില്ലാത്ത അവസ്ഥയില്‍ വിനീതക്കെതിരെയുള്ള അക്രമത്തെ പ്രതിരോധിക്കാന്‍ രംഗത്തെത്തിയ അയല്‍ക്കാരന്‍ ഡല്‍ഹി കേളപ്പനെ ബാലന്റെ നേതൃത്വത്തില്‍ സി പി എം ക്രിമിനലുകള്‍ മര്‍ദ്ദിച്ചു. വിനീതക്ക്‌ അനുകൂലമായി കോടതിയില്‍ സാക്ഷിപറയാന്‍ മുന്നോട്ടു വന്ന മനുഷ്യ സ്നേഹിയായ കേളപ്പന്റെ പല്ലുകള്‍ അക്രമികള്‍ അടിച്ചു കൊഴിച്ചു.കിണറ്റില്‍ വീണ്‌ ഗുരുതരമായി പരുക്കേറ്റ മകന്‍ ഋഷികേശിന്റെ ചികിത്സക്ക്‌ പണമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ സ്വന്തം പറമ്പിലെ മരം വില്‍ക്കാന്‍ പോലും സി പി എം നേതാക്കള്‍ സമ്മതിച്ചില്ല. വിനീതയെ പാഠം പഠിപ്പിക്കുമെന്നാണ്‌ അന്ന്‌ നേതാക്കള്‍ പരസ്യമായി പറഞ്ഞത്‌. ബാലന്റെയും മകന്റെയും അക്രമ ഭീഷണി മൂലം വിനീതയുടെ കുട്ടികള്‍ക്ക്‌ സ്കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ജീവഭയം മൂലം കുട്ടികളെ വെള്ളിമാട്കുന്നിലെ ജെ ഡി ടി ഇസ്ലാം ഓപ്പണ്‍ സ്കൂളില്‍ ചേര്‍ത്ത്‌ പഠിപ്പിക്കുകയായിരുന്നു. കുട്ടികളെ മര്‍ദ്ദിച്ചതിനാണ്‌ ബാലനെതിരെ ആദ്യമായി വിനീത പൊലീസില്‍ പരാതി നല്‍കിയത്‌. എന്നാല്‍ പാര്‍ട്ടിയെ ഭയന്ന്‌ പൊലീസ്‌ തിരിഞ്ഞു നോക്കിയില്ല. പിന്നീട്‌ കോടതിയില്‍ നേരിട്ട്‌ പരാതി നല്‍കിയപ്പോഴാണ്‌ നടപടിയുണ്ടായത്‌. ബാലനെയും മകനെയും കോടതി ശിക്ഷിച്ചു. ഇതിനെതിരെ വിനീതക്കെതിരെ നാട്ടിലുടനീളം സി പി എം കുപ്രചാരണം നടത്തി. ചീത്തവിളിച്ച്‌ അപമാനിച്ചു. എന്നാല്‍ നീചമായ പ്രതികാരങ്ങളിലൊന്നും പഴയ കമ്യൂണിസ്റ്റുകാരന്റെ മകള്‍ പതറിയില്ല. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത്‌ ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നതില്‍ വിനീത അത്ഭുതപ്പെടുകയാണ്‌. സ്വാതന്ത്ര്യമെന്ന അവകാശം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണവര്‍. പാര്‍ട്ടിയെ പേടിച്ച്‌ നാടുവിടാനൊന്നും അവര്‍ തയ്യാറല്ല. സ്വന്തം നാട്ടില്‍ ജീവിച്ച്‌ മരിക്കണമെന്നു തന്നെയാണ്‌ ആഗ്രഹം. തനിക്കെതിരെയുള്ള കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു നേരെ കണ്ണടക്കുന്നവരോട്‌ പരിഭവമില്ലാതെ കണ്ണീര്‍ തൂവുകയാണ്‌ ഈ വിധവ.

Sunday, September 2, 2007

നയതന്ത്ര രംഗത്ത്‌ ഇന്ത്യയുടെ മറ്റൊരു വിജയം


സാമ്പത്തിക ശക്തിയായി കുതിച്ചുയരുന്ന ഇന്ത്യക്ക്‌ ഏറെ പ്രയോജനം ചെയ്യുന്ന ആണവക്കരാര്‍ ഉയര്‍ത്തിയ വിവാദത്തിനിടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ അബെ രാജ്യത്തെത്തിയത്‌ പുതിയ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. രാജ്യം താല്‍പര്യം മുന്‍ നിര്‍ത്തി വിദേശ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുകയെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ്‌ ഷിന്‍സൊ ത്രിദിന സന്ദര്‍ശനത്തിന്‌ ഇന്ത്യയിലെത്തിയത്‌. നയതന്ത്ര രംഗത്ത്‌ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ ഈ സന്ദര്‍ശനം ഏറെ പ്രയോജനം ചെയ്യും. ആണവ വിതരണ സംഘത്തിന്റെ ചര്‍ച്ചകളില്‍ ഇന്ത്യക്കൊപ്പം നില്‍ക്കാനുള്ള ജപ്പാന്റെ തീരുമാനം രാജ്യത്തിന്‌ വലിയ നേട്ടമാവും. സാമ്പത്തിക മേഖലയുടെ വികസനത്തിനും പരസ്പര സഹകരണത്തിനും ഈ സന്ദര്‍ശനം ഏറെ പ്രയോജനം ചെയ്യുമെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. യു പി എ സര്‍ക്കാറിന്റെ വികസനോന്മുഖ നയത്തിന്റെ ഭാഗമായാണ്‌ ജപ്പാന്‍ പ്രധാനമന്ത്രിയെ ഇന്ത്യയിലേക്ക്‌ ക്ഷണിച്ചത്‌. വാണിജ്യ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ഗൗരവമായ ചര്‍ച്ചകളാണ്‌ ഇരുരാജ്യങ്ങളും നടത്തിയത്‌. 1998ല്‍ ഇന്ത്യ ആണവ പരീക്ഷണം നടത്തിയതിന്റെ പേരില്‍ ജപ്പാന്‍ ഇന്ത്യക്ക്‌ മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അതെത്തുടര്‍ന്ന്‌ ഇന്ത്യ-ജപ്പാന്‍ സഹകരണത്തിന്‌ ഉലച്ചില്‍ തട്ടി. എന്നാല്‍ മന്‍മോഹന്‍ സിംഗ്‌ നയതന്ത്ര തലത്തില്‍ നടത്തിയ നീക്കം ഷിന്‍സൊയുടെ സന്ദര്‍നത്തില്‍ കലാശിക്കുകയായിരുന്നു. ഇന്ത്യയുമായുള്ള സഹകരണത്തിന്‌ ജപ്പാന്‍ സര്‍ക്കാര്‍ ഏറെ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. ചൈനയുമായുള്ള ഇന്ത്യയുടെയും ജപ്പാന്റെയും അതിര്‍ത്തി തര്‍ക്കവും ചര്‍ച്ച ചെയ്യപ്പെടും. അയല്‍രാജ്യവുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന്‌ ജനാധിപത്യപരമായ പരിഹാരം കാണാന്‍ ഇരുരാജ്യങ്ങളും ശ്രമം തുടരുമെന്നു തന്നെയാണ്‌ പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ നിന്നും വ്യക്തമാവുന്നത്‌. 'വിശാല ഏഷ്യ' കെട്ടിപ്പടുക്കന്‍ ജപ്പാനും ഇന്ത്യയും ശ്രമം നടത്തുമെന്ന്‌ ഷിന്‍സൊ പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുമ്പോള്‍ സൂചിപ്പിച്ചിരുന്നു. സ്വാതന്ത്ര്യത്തിന്റെയും അഭിവൃദ്ധിയുടെയും കവാടത്തിലൂടെ വിശാല ഏഷ്യയിലേക്ക്‌ അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി സഹകരണത്തിന്റെ പുതിയ മേഖല കെട്ടിപ്പടുക്കണമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഇന്ത്യയെ സംബന്ധിച്ചെടുത്തോളം സുപ്രധാനമാണ്‌. യു എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വമെന്ന്‌ ഇന്ത്യയുടെയും ജപ്പാന്റെയും ലക്ഷ്യം നേടുന്നതിനുള്ള കൂട്ടായ ശ്രമം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്‌. ഐക്യരാഷ്ട്ര സഭയുടെ പരിഷ്കരണത്തിനുള്ള ജി ഫോര്‍ രാജ്യങ്ങളില്‍ ഇന്ത്യയും ജപ്പാനും അംഗങ്ങളാണ്‌. സാമ്പത്തിക രംഗത്ത്‌ ഇന്ത്യ നേടിയ വളര്‍ച്ച ജപ്പാന്‍ കമ്പനികളെ രാജ്യത്തേക്ക്‌ ഏറെ ആകര്‍ഷിക്കുന്നു. ജപ്പാന്‍ കമ്പനിയായ തോഷിബ രാജ്യത്ത്‌ ടെലിവിഷന്‍ സെറ്റുകളും പേര്‍സണല്‍ കംപ്യൂട്ടറുകളും ഇപ്പോള്‍ നിര്‍മിക്കുന്നുണ്ട്‌. ഈ രണ്ട്‌ ഉത്പന്നങ്ങള്‍ക്കും ഇന്ത്യയില്‍ വന്‍ വില്‍പനയുണ്ട്‌. കഴിഞ്ഞ വര്‍ഷങ്ങളില്‍ 50 ശതമാനം വളര്‍ച്ചയാണ്‌ ജപ്പാന്‍ കമ്പനികള്‍ ഇവിടെ നേടിയത്‌. വിദേശ രാജ്യങ്ങളിലെ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ഇന്ത്യ അടുത്തകാലത്ത്‌ നടത്തിയ സംരംഭങ്ങള്‍ ജപ്പാനെ ഏറെ സ്വാധീനിച്ചിരുന്നു. ഇപ്പോള്‍ 475 ജപ്പാന്‍ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്‌. ഇന്ത്യയുടെ വിജയത്തില്‍ ഭാഗവാക്കാവാന്‍ തങ്ങള്‍ക്ക്‌ ആഗ്രഹമുണ്ടെന്നും രാജ്യത്തെ സ്വന്തം ഭവനമായിട്ടാണ്‌ കാണുന്നതെന്നും ജപ്പാന്‍ വ്യവസായികള്‍ പറയുന്നു. ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമായാല്‍ മാത്രമെ ഭാവിയില്‍ കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കൂ.
ഉത്തര്‍ പ്രദേശ്‌, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്‌, മഹാരാഷ്ട്ര, മധ്യപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന വ്യവസായ ശൃംഖല കെട്ടിപ്പടുക്കാന്‍ യു പി എ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്‌. 2012ല്‍ ഇതിന്‌ തുടക്കമിടാനാണ്‌ തീരുമാനം. വ്യവസായ പാര്‍ക്കുകള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍, പുതിയ മൂന്ന്‌ തുറമുഖങ്ങള്‍, ആറ്‌ വിമാനത്താവളങ്ങള്‍, റോഡുകള്‍, 4,000 മെഗാവാട്ട്‌ ശേഷിയുള്ള പവര്‍ പ്ലാന്റ്‌ എന്നിവയാണ്‌ വ്യവസായ ശൃംഖലയില്‍ ഉള്‍പ്പെടുന്നത്‌. ജപ്പാനുമായുള്ള സാമ്പത്തികസഹകരണം വ്യവസായ ശൃംഖല കെട്ടിപ്പടുക്കുന്നതോടൊപ്പം വളര്‍ത്തിയെടുക്കാമെന്ന്‌ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. അസംസ്കൃത രംഗത്തെ ഇന്ത്യയുടെ മോശം അവസ്ഥയെ മെച്ചപ്പെടുത്തുന്നതിന്‌ ജപ്പാനില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഷിന്‍സൊയുടെ സന്ദര്‍ശനം കാരണമാവും. ഡല്‍ഹി നഗരത്തില്‍ നിന്നും യമുന നദിക്ക്‌ കുറുകെ ഫ്ലൈ ഓവര്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക്‌ ജപ്പാനില്‍ നിന്നുള്ള നിക്ഷേപം സഹായകരമായി. ഷിന്‍സൊയ്ക്കൊപ്പം 212 വന്‍ വ്യവസായികളും പന്ത്രണ്ട്‌ സര്‍വകലാശാല വൈസ്‌ ചാന്‍സര്‍മാരും ഇന്ത്യയില്‍ എത്തിയിട്ടുണ്ട്‌. ജപ്പാനിലെ വന്‍കിട കമ്പനികളുടെ ചീഫ്‌ എക്സിക്യുട്ടീവുമാരാണ്‌ അവരില്‍ ഭൂരിഭാഗം പേരും. മിറ്റ്സുയി, ഹിറ്റാച്ചി, മിറ്റ്സുബിഷി, ഹോണ്ട, ഒറിക്സ്‌ എന്നീ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപത്തിനുള്ള മേഖലകള്‍ അന്വേഷിക്കുകയാണ്‌. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, എന്നീ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ചരക്കു പാത നിര്‍മിക്കുന്നതിനുള്ള കരാര്‍ രാജ്യ വികസനത്തിന്റെ വേഗം വര്‍ധിപ്പിക്കും. 9000 കോടി ഡോളറിന്റെ വ്യവസായ ഇടനായി ജപ്പാന്റെ സഹായത്തോടെയാണ്‌ നിര്‍മിക്കുന്നത്‌. ഇന്ത്യന്‍ കമ്പനികളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ തങ്ങളുടെ വിശാലവും സമ്പന്നവുമായ വിപണി തുറന്നിട്ടിരിക്കയാണെന്ന്‌ ജപ്പാന്‍ വ്യക്തമാക്കിയിട്ടുണ്ട്‌.ഇന്ത്യന്‍ വിപണിയില്‍ 500 കോടി ഡോളറിന്റെ നേരിട്ടുള്ള നിക്ഷേപം നടത്താന്‍ മന്ത്രി കമല്‍നാഥ്‌ ജപ്പാന്‍ വ്യവസായികളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതിനോട്‌ അനുകൂല പ്രതികരണമാണ്‌ ഉണ്ടായത്‌. അടുത്ത അഞ്ചു വര്‍ഷം കൊണ്ട്‌ 2000 കോടിഇന്ത്യയുടെ ഓട്ടോമോട്ടീവ്‌ മേഖലയില്‍ നിക്ഷേപിക്കുന്നതിന്‌ ജപ്പാന്‍ സന്നദ്ധരായിട്ടുണ്ട്‌.ജപ്പാന്‍ സര്‍വകലാശാലകളുടെ ധന, സാങ്കേതിത സഹായത്തോടെ ഇന്ത്യയില്‍ ഐ ഐ ടി സ്ഥാപിക്കാന്‍ ധാരണയായതും ഇന്ത്യക്ക്‌ നേട്ടമുണ്ടാക്കും. ഇന്ത്യന്‍ വിദ്യാഭ്യാസ വിദഗ്ധരുടെയും ജപ്പാന്‍ പ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ്‌ ഐ ഐ ടി സ്ഥാപിക്കാന്‍ തീരുമാനമായത്‌. വര്‍ഷം തോറും ഇന്ത്യയില്‍ നിന്നുള്ള 500 വിദ്യാര്‍ഥികള്‍ക്ക്‌ ജപ്പാനിലെ വിവിധ സര്‍വകലാശാലകളില്‍ ഉപരിപഠനത്തിന്‌ അവസരം നല്‍കുമെന്ന്‌ ജപ്പാന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാറിന്‌ രാജ്യത്തോടുള്ള പ്രതിബദ്ധയാണ്‌ ഈ നയതന്ത്ര വിജയം തെളിയിക്കുന്നത്‌..

Friday, August 31, 2007

ഭഗല്‍പൂരില്‍ നിന്നും ഹൃദയം പിളര്‍ക്കും വാര്‍ത്തകള്‍

സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ ധന്‍വീര്‍ യാദവ്‌ എന്ന്‌ പതിനാറുകാരന്റെ കണ്ണ്‌ കുത്തിപൊട്ടിച്ചവരാണ്‌ ബീഹാറിലെ ഭഗല്‍പൂരുകാര്‍. ആക്രമികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും അന്ന്‌ പൊലീസ്‌ തയ്യാറായില്ല. മനുഷ്യാവകാശ ലംഘനത്തിന്‌ പേരുകേട്ട സംസ്ഥാനമായി ബീഹാര്‍ മാറിയിരിക്കുകയാണ്‌. 1979ല്‍ മുപ്പത്തൊന്ന്‌ ദലിതരെ കണ്ണില്‍ ആസിഡ്‌ ഒഴിച്ച്‌ അന്ധരാക്കിയത്‌ ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയില്‍ തന്നെയായിരുന്നു. മനുഷ്യത്വത്തിന്റെ കണികപോലുമില്ലാത്ത ചില പൊലീസുകാരായിരുന്നു അന്ന്‌ ഈ ക്രൂരകൃത്യം ചെയ്തത്‌. ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്നവരാണ്‌ ക്രൂരമായ പീഡനത്തിന്‌ ഇരയായത്‌. നിയമം കയ്യിലെടുക്കുകയെന്നത്‌ ഭഗല്‍പൂരുകാര്‍ക്ക്‌ വിനോദമാണ്‌. കാരണം പൊലീസിനെ അവര്‍ക്ക്‌ ഭയക്കേണ്ടതില്ല. എല്ലാം ദുഷ്ചെയ്തികള്‍ക്കും പൊലീസുകാര്‍ കൂട്ടുണ്ടാകും. വര്‍ഗീയ കലാപത്തിന്‌ കുപ്രസിദ്ധി നേടിയ ജില്ല കൂടിയാണ്‌ ഇത്‌. 1989ല്‍ ഇവിടുത്തെ ഒരു ഗ്രാമത്തില്‍ 116 മുസ്ലിംകളെ കൂട്ടക്കൊല ചെയ്തത്‌ മതേതര ഇന്ത്യയെ ഞെട്ടിച്ച സംഭവമായിരുന്നു. കൂട്ടക്കൊലയ്ക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍പ്പെട്ട 14 പേരെ കഴിഞ്ഞ മാസം കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചിരുന്നു. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെ ലക്ഷ്യമാക്കിയാണ്‌ ഇവിടെ നടക്കുന്ന ആക്രമണങ്ങള്‍ ഏറെയും.കഴിഞ്ഞദിവസം മുഹമ്മദ്‌ ഔറംഗസീബ്‌ എന്ന ചെറുപ്പക്കാരെന ക്രൂരമായി മര്‍ദ്ദിച്ച സംഭവം പുറത്തായതോടെ ഭഗല്‍പൂര്‍ വീണ്ടും വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുകയാണ്‌. ഈ സംഭവം സംസ്ഥാനത്തെ പൊലീസ്‌ സേനയുടെ ക്രൂരത ഒരിക്കല്‍ കൂടി വെളിപ്പെടുത്തുകയാണ്‌. ക്ഷേത്രത്തിനടുത്ത്‌ നിന്നും സ്ത്രീയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ച യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളായിരുന്നു ടെലിവിഷന്‍ ചാനലുകള്‍ പുറത്തു വിട്ടത്‌. കുറ്റാരാപിതനായ ഒരാള്‍ കുറ്റക്കാരനാവണമെന്നില്ല. കുറ്റവാളികളോട്‌ പോലും എങ്ങനെ പെരുമാറണമെന്ന്‌ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്‌. എന്നാല്‍ ബീഹാറിലെ കാടന്‍ പൊലീസുകാര്‍ക്ക്‌ ഈ നിയമങ്ങളൊന്നും ബാധകമല്ല. അക്രമികള്‍ക്കൊപ്പം നിന്ന്‌ നിയമലംഘനം നടത്തുകയാണ്‌ അവര്‍. അതിനിടെ സംഭവം രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമവും വ്യാപകമായി ആരംഭിച്ചിട്ടുണ്ട്‌. മര്‍ദ്ദനമേറ്റത്‌ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരാളായതിനാല്‍ ബീഹാറില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ ജെ ഡി പ്രക്ഷോഭവുമായി രംഗത്തെത്തി. മനുഷ്യാവകാശ ലംഘനത്തിനെതിരെയുള്ള പ്രതിഷേധമായി ഇതിനെ കാണാന്‍ കഴിയുമെങ്കിലും ആര്‍ ജെ ഡി നേതാക്കളുടെ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയാണ്‌ സംസ്ഥാനത്ത്‌ ആക്രമണങ്ങള്‍ നടക്കുന്നതെങ്കിലും പ്രശ്നത്തെ രാഷ്ട്രീയവത്കരിച്ച്‌ സങ്കീര്‍ണമാക്കാന്‍ തല്‍പര കക്ഷികള്‍ ശ്രമിക്കുകയാണെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കലാപങ്ങളുടെ ദുരിതം ഏറെ അനുഭവിച്ച പാവപ്പെട്ട കര്‍ഷക ജനതയുടെ സ്വൈര്യം നശിപ്പിക്കുകയാണ്‌ സ്വാര്‍ഥതാല്‍പര്യക്കാരായ രാഷ്ട്രീയക്കാര്‍.ആര്‍ ജെ ഡി പ്രവര്‍ത്തകര്‍ ജില്ലയിലുടനീളം പ്രതിഷേധം സംഘടിപ്പിച്ചു വരികയാണ്‌. പൊലീസ്‌ സ്റ്റേഷനിലേക്ക്‌ കല്ലെറിഞ്ഞും മാര്‍ച്ച്‌ നടത്തിയും പ്രശ്നത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കാനാണ്‌ ശ്രമം.

സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം നിതീഷ്‌ കുമാര്‍ സര്‍ക്കാറിനാണെങ്കിലും വര്‍ഗീയവത്കരിക്കാനുള്ള നീക്കം അധികൃതര്‍ തടഞ്ഞില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക്‌ ഇടയാക്കും. സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായക്കാര്‍ സുരക്ഷിതരല്ലെന്നും നിതീഷ്കുമാറിന്‌ പൊലീനുമേല്‍ നിയന്ത്രണമില്ലെന്നും പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആര്‍ ജെ ഡി പ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞു. "മുസ്ലിം യുവാവിനെ മര്‍ദ്ദിച്ചത്‌ ഭയാനകമായ സംഭവമാണ്‌. ഇതിനെക്കുറിച്ച്‌ വിവരിക്കാന്‍ വാക്കുകളില്ല"-ആര്‍ ജെ ഡി നേതാവായ ശ്യം രജെക്കിന്റെ പ്രസ്താവനക്ക്‌ പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണ്‌. ഒരു മുസ്ലിം യുവാവ്‌ പീഡനത്തിനിരയായതല്ല, ഒരു മനുഷ്യന്‍ പീഡിതനായതിലാണ്‌ പ്രതിഷേധം. മാധ്യമങ്ങള്‍ അതിനുവേണ്ടിയാണ്‌ ഈ വാര്‍ത്ത പുറത്തു വിട്ടത്‌. പൊലീസിന്റെ കാട്ടു നീതിയെന്നത്‌ സംസ്ഥാനത്ത്‌ പുതിയ പ്രതിഭാസമല്ല. ആര്‍ ജെ ഡിയും ഇതിന്‌ ഉത്തരവാദിയാണ്‌. ക്രിമിനലുകളായി മാറിയ പൊലീസ്‌ സേനയെ സമൂലമായ മാറ്റത്തിന്‌ വിധേയമാക്കണം. കുറ്റം മറ്റുള്ളവരുടെ പേരില്‍ പഴിചാരി രക്ഷപ്പെടുകയല്ല വേണ്ടത്‌. സംസ്ഥാനത്തെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ശക്തമായ നടപടികള്‍ എടുക്കേണ്ടിയിരിക്കുന്നു.

Friday, July 13, 2007

കോഴക്കേസുകള്‍ അട്ടിമറിക്കാന്‍ സി പി എം ഗൂഢാലോചന


കോഴകേസുകളില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എടുത്ത തീരുമാനങ്ങള്‍ അട്ടിമറിക്കാന്‍ സി പി എം നേതാക്കള്‍ ഗൂഢാലോചന നടത്തുന്നു. ചില ഉന്നതരായ നേതാക്കളാണ്‌ ആസൂത്രിതമായ ഈ നീക്കത്തിന്‌ പിന്നില്‍. സംസ്ഥാന ഘടകത്തെ പിടിച്ചുകുലുക്കിയ അഴിമതിയാരോപണങ്ങള്‍ തേച്ചുമാച്ചുകളഞ്ഞ്‌ സ്വയം വെള്ളപൂശാനുള്ള ശ്രമത്തിലാണ്‌ സംസ്ഥാന സെക്രട്ടറിയും പരിവാരങ്ങളും. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പണമിടപാട്‌ സ്ഥാപനത്തില്‍ നിന്നും ഒരു കോടി കോഴ വാങ്ങിയതും ലോട്ടറി രാജാവ്‌ സാന്തിയാഗൊ മാര്‍ട്ടിനില്‍ നിന്നും രണ്ട്‌ കോടി കൈപ്പറ്റിയതും വെറും ആരോപണങ്ങള്‍ മാത്രമാണെന്നാണ്‌ ഇപ്പോള്‍ സി പി എം പറയുന്നത്‌. താന്‍ പണം നല്‍കിയിട്ടില്ലെന്ന്‌ ലിസ്‌ ചെയര്‍മാന്‍ പി വി ചാക്കോയും താന്‍ പണം വാങ്ങിയിട്ടില്ലെന്ന്‌ ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ വേണുഗോപാലും വ്യക്തമാക്കി സാഹചര്യത്തില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന്‌ കഴിഞ്ഞ ദിവസം പൊലീസ്‌ വ്യക്തമാക്കിയിട്ടുണ്ട്‌.ലിസ്‌ ചെയര്‍മാനും സി പി എമ്മിലെ പിണായി വിഭാഗം നേതാക്കളും നടത്തിയ ഗൂഢാലോചനയാണ്‌ ഇതിന്‌ പിന്നിലെന്ന്‌ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ എന്നിവര്‍ വേണുഗോപാലിനെ കോഴ വാങ്ങാനുള്ള ഇടനിലക്കാരനായി ഉപയോഗിക്കുകയായിരുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. അഴിമതിയുടെ ചളിക്കുണ്ടില്‍ നിന്നും രക്ഷപ്പെടാന്‍ വേണുഗോപാലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി നേതാക്കള്‍ മുഖം രക്ഷിക്കാന്‍ ശ്രമം നടത്തി. സാമ്പത്തിക അഴിമതി പുറത്തുകൊണ്ടു വന്നത്‌ പാര്‍ട്ടി തന്നെയാണെന്ന്‌ നേതാക്കള്‍ മാധ്യമ വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി പറഞ്ഞെങ്കിലും ഇപ്പോള്‍ വേണുഗോപാലിന്‌ ഗുഡ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിരിക്കയാണ്‌.ലിസിന്റെ കേസൊതുക്കി കൊടുക്കാന്‍ വേണുഗോപാലിനെപ്പോലുള്ള ഒരാള്‍ക്ക്‌ കഴിയില്ലെന്ന്‌ സാമാന്യബുദ്ധിയുള്ളവര്‍ക്ക്‌ മനസ്സിലാകും. വേണുഗോപാലിനെ മുന്നില്‍ നിര്‍ത്തി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള വമ്പന്‍ സ്രാവുകളാണ്‌ പണം വാങ്ങിയത്‌. തന്നെ ബലിയാടാക്കിയതില്‍ ദുഃഖിതനായ വേണുഗോപാല്‍ എല്ലാം തുറന്നു പറഞ്ഞാലോ എന്ന ഭയം നേതാക്കളെ വേട്ടയാടിയിരുന്നു. ഈ ഭീതിയാണ്‌ വേണുഗോപാലിനെ കേസില്‍ നിന്ന്‌ ഊരിയെടുക്കാന്‍ സി പി എം കൊണ്ടുപിടിച്ച ശ്രമം നടത്തിയത്‌. അതിലവര്‍ വിജയിക്കുകയും ചെയ്തു. വേണുഗോപാലിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന്‌ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്‌ സിറ്റി പൊലീസ്‌ കമ്മിഷണര്‍ക്ക്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചു കഴിഞ്ഞു. കോഴവാങ്ങിയ ആളെക്കുറിച്ചും നല്‍കിയ ആളെക്കുറിച്ചും ഒരു തെളിവും ലഭിച്ചില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ കോഴവാങ്ങാത്ത വേണുഗോപാലിനെ പാര്‍ട്ടിയില്‍ നിന്നും ദേശാഭിമാനിയില്‍ നിന്നും പുറത്താക്കിയതെന്തിനാണെന്ന ചോദ്യത്തിന്‌ സി പി എം നേതാക്കള്‍ മൗനം പാലിക്കുകയാണ്‌. പാര്‍ട്ടിയുടെ നയങ്ങള്‍ക്ക്‌ യോജിക്കാത്ത രീതിയില്‍ പണമിടപാട്‌ നടത്തിയതിന്‌ വേണുഗോപാലിനെ പുറത്താക്കിയതായി ജൂലൈ 23ന്‌ ദേശാഭിമാനി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സി പി എം അണികളെപ്പോലും അത്ഭുതപ്പെടുത്തി വേണുഗോപാല്‍ നിരപരാധിയാണെന്നാണ്‌ പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ പറയുന്നത്‌. സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വേണുഗോപാല്‍ ലിസില്‍ നിന്നും കോയ വാങ്ങിയിട്ടുണ്ടെന്ന്‌ സംശയരഹിതമായി പ്രഖ്യാപിച്ചിട്ടുണ്ട്‌. എന്നാല്‍ കാരാട്ട്‌ പോലും അറിയാതെ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന്റെ വഴി തിരിച്ചുവിടുകയായിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്ത്‌ കടിച്ച്‌ തൂങ്ങിനില്‍ക്കാനുള്ള പ്രയത്നത്തിനിടയില്‍ അച്യുതാനന്ദന്‍ അത്തരമൊരു 'സാഹസ'ത്തിന്‌ മുതിരാനിടയില്ല.ലോട്ടറി രാജാവില്‍ നിന്നും വാങ്ങിയ രണ്ട്‌ കോടിയുടെ കാര്യത്തിലും ഇതേ നിലപാട്‌ തന്നെയാണ്‌ പാര്‍ട്ടി നേതൃത്വത്തിന്‌. പണം തിരിച്ചുകൊടുക്കുമെന്ന പാര്‍ട്ടി തീരുമാനം ഇതിലേക്ക്‌ വെളിച്ചം വീശുന്നതാണ്‌. മാര്‍ട്ടിനും സി പി എം നേതാക്കളും നടത്തിയ ഒത്തുകളിയാണ്‌ ഈ തീരുമാനത്തിലൂടെ മറനീക്കി പുറത്തുവന്നത്‌. തനിക്ക്‌ പണം തിരികെ ലഭിച്ചെന്ന്‌ മാര്‍ട്ടിന്‍ ഉടന്‍ തന്നെ വ്യക്തമാക്കും. ജനങ്ങള്‍ക്ക്‌ മുമ്പില്‍വെച്ച്‌ കോഴപ്പണം തിരികെ നല്‍കിയാലും സി പി എമ്മിന്‌ നാറിയ മുഖം രക്ഷിക്കാനാവില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട്‌ നാടകം കളിക്കുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ജീര്‍ണതയാണ്‌ ലിസ്‌ കോഴകേസിന്റെ അന്ത്യത്തിലൂടെ വ്യക്തമാകുന്നത്‌. ലോട്ടറി രാജാവില്‍ നിന്നും കോഴ കൈപ്പറ്റിയത്‌ സംബന്ധിച്ച അന്വേഷണം നടത്തുന്നത്‌ മന്ത്രി കോടിയേരി ബാലകൃഷ്ണ്‍റ്റെ നേതൃത്വത്തിലാണ്‌. പണമിടപാടില്‍ പങ്ക്‌ ലഭിക്കാത്തതിലുള്ള പ്രതിഷേധം കോടിയേരി പ്രകടിപ്പിച്ചെങ്കിലും പിണറായിയും ഇ പി ജയരാജനും നേതൃത്വം നല്‍കുന്ന അവിശുദ്ധ സഖ്യത്തിന്റെ തിളപ്പില്‍ നിന്നും പെട്ടെന്നൊഴിയാന്‍ അദ്ദേഹത്തിന്‌ കഴിയില്ല. അതുകൊണ്ടു തന്നെ പാര്‍ട്ടിയില്‍ തീവെട്ടിക്കൊള്ളകള്‍ തുടരുക തന്നെ ചെയ്യുമെന്നാണ്‌ പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്‌.