Thursday, September 6, 2007

താലിബാന്‍വത്കരിക്കപ്പെടുന്ന അയല്‍രാജ്യം





കറാച്ചിയിലും ലാഹോറിലും ശീഅ-സുന്നീ പോരാട്ടങ്ങള്‍ നിത്യസംഭവമായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പാക്‌ ഭരണ കൂടങ്ങളെ ഏറെ പ്രതിസന്ധിയിലാക്കിയ കലഹങ്ങളായിരുന്നു അത്‌. അക്രമികളെ അടിച്ചൊതുക്കാന്‍ സര്‍ക്കാറിന്‌ ഏറെക്കുറെ കഴിഞ്ഞിരുന്നെങ്കിലും ഭരണ കക്ഷിയിലെ ചില നേതാക്കളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഇരു വിഭാഗങ്ങള്‍ക്കും പ്രോത്സാഹനമായി മാറി. നിയന്ത്രണാതീതമായ ദുരവസ്ഥയിലേക്ക്‌ ആ രാജ്യം കൂപ്പുകുത്തിയത്‌ ഭരണാധികാരികളുടെ ഗുരുതരമായ വീഴ്ചകള്‍ തന്നെയാണ്‌. 1999ല്‍ പര്‍വേസ്‌ മുഷറഫ്‌ ജനാധിപത്യം അട്ടിമറിച്ച്‌ ഭരണാധികാരിയായി സ്വയം പ്രഖ്യാപിക്കുന്നതിന്‌ മുമ്പും രാജ്യത്ത്‌ ആഭ്യന്തര സംഘര്‍ഷവും ഭീകര പ്രവര്‍ത്തനവും സജീവമായിരുന്നു. നവാസ്‌ ശരീഫിനെ അധികാര ഭ്രഷ്ടനാക്കിയതൊന്നുമല്ല രാജ്യത്ത്‌ തീവ്രവാദം ശക്തിപ്രാപിക്കാനിടയാക്കിയത്‌. മുഷറഫിന്റെ നടപടി ജനവിരുദ്ധമാണെങ്കിലും ഇതിനെതിരെ രാജ്യത്തെ ചില സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക്‌ ഗൂഢലക്ഷ്യങ്ങളുണ്ട്‌. അധികാര സോപാനത്തില്‍ കയറിയിരിക്കാനുള്ള മതമൗലികവാദികളുടെ ശ്രമമാണ്‌ ഇതിന്‌ പിന്നിലെന്ന വിമര്‍ശനം വ്യാപകമാണ്‌. ലാല്‍ മസ്ജിദില്‍ താവളമാക്കിയ ഭീകരര്‍ ലക്ഷ്യമിട്ടതും ഇതുതന്നെയായിരുന്നു. പാകിസ്താനിലെ ചില മാധ്യമങ്ങളും ഇക്കാര്യത്തില്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. തീവ്രവാദികളെ തുരത്തിയ പ്രസിഡന്റിന്റെ നടപടിക്ക്‌ അന്താരാഷ്ട്ര പിന്തുണ ലഭിച്ചിരുന്നു.അരാജകത്വം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ ഭീകരവാദത്തിന്‌ പ്രോത്സാഹനമാവും. അവകാശങ്ങള്‍ തിരിച്ചു പിടിക്കാനുള്ള ചെറുത്തു നില്‍പുകളും ഇതിനിടയില്‍ ഉണ്ടാകാനിടയുണ്ട്‌. എന്നാല്‍ ഈ ചെറുത്തു നില്‍പുകള്‍ ഭീകരവാദത്തിന്റെ മറവില്‍ ഇല്ലാതാകാനും സാധ്യതയേറെയാണ്‌. മധ്യപൗരസ്ത്യ ദേശത്തും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലുമുള്ള അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെ ഇക്കൂട്ടത്തില്‍ പെടുത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കാറുണ്ട്‌. ഈ പ്രതിരോധങ്ങളുടെ മറവില്‍ ഭീകരവാദം വളര്‍ത്താന്‍ ചില സംഘടനകള്‍ ശ്രമം നടത്തുകയാണ്‌. പാലസ്തീന്‍, ലബനാന്‍, ഇറാന്‍, സൊമാലിയ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന ജനാധിപത്യ പോരാട്ടങ്ങള്‍ ഭീകരവാദമായി മുദ്രകുത്തപ്പെടുകയാണ്‌. എന്നാല്‍ ഈ സമരങ്ങളില്‍ കടന്നു കൂടി ഭീകരവാദികള്‍ നികൃഷ്ടമായ അക്രങ്ങള്‍ നടത്തുന്നു.പാകിസ്താന്‍ നേരിടുന്ന പ്രധാന ഭീഷണിയും ഇതാണ്‌. ജനാധിപത്യം അട്ടിമറിക്കപ്പെട്ടതില്‍ രാജ്യത്തെ ജനങ്ങളള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ശക്തമായ പ്രതിഷേധമുണ്ട്‌. സുപ്രിം കോടതി ചീഫ്‌ ജസ്റ്റിസായിരുന്ന ഇഫ്ത്തികര്‍ ചൗധരിയെ പുറത്താക്കിയതിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളില്‍ നുഴഞ്ഞു കയറി പ്രതിഷേധത്തിന്റെ ദിശ തിരിച്ചു വിടാന്‍ തീവ്രവാദികള്‍ ശ്രമിച്ചിരുന്നു. തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്ന പ്രവിശ്യകളില്‍ സൈന്യം നടത്തുന്ന റെയ്ഡുകളാണ്‌ പലപ്പോളും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്‌. ബലൂചിസ്താനിലെയും അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളിലെയും ഭീകരരുടെ ഒളിത്താവങ്ങളെ ലക്ഷ്യമാക്കി സൈന്യം നടത്തുന്ന അക്രമങ്ങള്‍ മതമൗലിക വാദികളായ നേതാക്കളെ പ്രകോപിപ്പിക്കാറുണ്ട്‌. ബലൂചിസ്താനെ പ്രത്യേക മേഖലയായി അംഗീകരിക്കണമെന്ന ഗോത്രവര്‍ഗ തീവ്രവാദികളുടെ ആവശ്യം അംഗീകരിക്കില്ലെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. രാജ്യത്തിനകത്ത്‌ മറ്റൊരു രാജ്യം സൃഷ്ടിക്കാനുള്ള ശ്രമം ദയാരഹിതമായി അടിച്ചമര്‍ത്തേണ്ടതു തന്നെയാണ്‌. ബലൂചിലെ പ്രകൃതി വാതക ശേഖരം തങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്നാണ്‌ ഗോത്രവര്‍ഗ തീവ്രവാദികളുടെ അവകാശം. എന്നാല്‍ പ്രകൃതിവിഭവങ്ങള്‍ രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന്‌ ഉപയോഗിക്കുമെന്ന്‌ സര്‍ക്കാര്‍ ഉറപ്പിച്ചു പറയുന്നു. ഇത്‌ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയാണ്‌. പ്രസിഡന്റ്‌ മുഷറഫിനെ അംഗീകരിക്കില്ലെന്നും ഗോത്രവര്‍ഗ നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. മേഖലയിലുണ്ടായ സംഘടനങ്ങളില്‍ നിരവധി തീവ്രവാദികളും സൈനികരും ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്‌. പാകിസ്താനെ താലിബാന്‍വത്കരിക്കാനുള്ള അപരിഷ്കൃത ഭീകരരുടെ സജീവമായ പ്രവര്‍ത്തനമാണ്‌ രാജ്യത്ത്‌ നടക്കുന്ന ചാവേര്‍ സ്ഫോടനങ്ങളിലൂടെ വെളിപ്പെടുന്നത്‌. കഴിഞ്ഞ ചൊവ്വാഴ്ച റാവല്‍പിണ്ടിയില്‍ രണ്ടിടത്തുണ്ടായ സ്ഫോടനങ്ങള്‍ മനുഷ്യ സ്നേഹികളെ ഏറെ ആശങ്കപ്പെടുത്തുന്നു. സ്വന്തം സഹോദരങ്ങളുടെ ചോരയാണ്‌ ഭീകരര്‍ തെരുവില്‍ ചിന്തുന്നത്‌. രാജ്യം ഭരിച്ചവര്‍ മതമൗലിക വാദികളോട്‌ മൃദുസമീപനം പുലര്‍ത്തിയതാണ്‌ ഇത്തരം ക്രൂരമായ നടപടികളിലേക്ക്‌ ഭീകര സംഘടനകളെ നയിക്കുന്നത്‌. ഒരേ സമയം ഭീകരവാദത്തിന്റെ സ്പോണ്‍സറായും ഇരയായും മാറുന്ന പാകിസ്താന്‍ ആഭ്യന്തര പ്രശ്നത്താല്‍ വീര്‍പ്പ്‌ മുട്ടുകയാണ്‌. സമാധാന കാംക്ഷികളായ ജനവിഭാഗത്തിന്‌ ജീവിതം ദുസ്സഹമായി മാറിയ സാഹചര്യമാണ്‌ രാജ്യത്ത്‌ നിലനില്‍ക്കുന്നത്‌. മതപരവും രാഷ്ട്രീയപരവുമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കൊപ്പം ഭീകര പ്രവര്‍ത്തനവും രാജ്യത്തെ തകര്‍ച്ചയിലേക്ക്‌ നയിക്കുകയാണ്‌. സമാധാനം പുലര്‍ന്നു കാണേണ്ട ഇസ്ലാമിക രാജ്യം പൂര്‍ണമായും അരക്ഷിതാവസ്ഥയിലൂടെ നീങ്ങുകയാണ്‌. അയല്‍രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ ഭീകരരെ കയറ്റിയക്കുന്ന പാക്‌ നയം അവര്‍ക്കു തന്നെ തിരിച്ചടിയായി മാറി. ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനത്തിന്‌ ഭരണകൂടം തയ്യാറാവേണ്ടിയിരിക്കുന്നു. പ്രവാസ ജീവിതം കഴിഞ്ഞ്‌ രാജ്യത്തേക്ക്‌ മടങ്ങാന്‍ തയ്യാറെടുക്കുന്ന നവാസ്‌ ശരീഫും ബേനസീര്‍ ഭൂട്ടോയും ഭീകരവാദത്തിനെതിരെ കടുത്ത നിലപാടുകള്‍ എടുക്കുമോയെന്ന്‌ കാത്തിരുന്നു കാണാം. അധികാര മോഹം സാക്ഷാത്കരിക്കാന്‍ മതമൗലികവാദികളോട്‌ ഇനിയും വിട്ടു വിഴ്ചക്ക്‌ തയ്യാറായാല്‍ ഒരു രാജ്യത്തിന്റെ സമ്പൂര്‍ണ തകര്‍ച്ചക്കായിരിക്കും ലോകം സാക്ഷിയാവുക. നവംബര്‍ 15ന്‌ പ്രസിഡന്റിന്റെ കാലാവധി അവസാനിക്കുമെന്ന്‌ സുപ്രീം കോടതി പ്രഖ്യാപിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പിന്‌ ശേഷം രാജ്യത്ത്‌ അധികാരമേല്‍ക്കുന്നത്‌ സമാധാനം സൃഷ്ടിക്കാന്‍ പ്രാപ്തമായ ജനാധിപത്യ ഭരണകൂടമാകണമെന്നാണ്‌ ഇന്ത്യയുടെ ആഗ്രഹം.

1 comment:

P muhammad sajid said...

കറാച്ചിയിലും ലാഹോറിലും ശീഅ-സുന്നീ പോരാട്ടങ്ങള്‍ നിത്യസംഭവമായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പാക്‌ ഭരണ കൂടങ്ങളെ ഏറെ പ്രതിസന്ധിയിലാക്കിയ കലഹങ്ങളായിരുന്നു അത്‌. അക്രമികളെ അടിച്ചൊതുക്കാന്‍ സര്‍ക്കാറിന്‌ ഏറെക്കുറെ കഴിഞ്ഞിരുന്നെങ്കിലും ഭരണ കക്ഷിയിലെ ചില നേതാക്കളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഇരു വിഭാഗങ്ങള്‍ക്കും പ്രോത്സാഹനമായി മാറി. നിയന്ത്രണാതീതമായ ദുരവസ്ഥയിലേക്ക്‌ ആ രാജ്യം കൂപ്പുകുത്തിയത്‌ ഭരണാധികാരികളുടെ ഗുരുതരമായ വീഴ്ചകള്‍ തന്നെയാണ്‌.