Friday, August 31, 2007

ഭഗല്‍പൂരില്‍ നിന്നും ഹൃദയം പിളര്‍ക്കും വാര്‍ത്തകള്‍

സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ ധന്‍വീര്‍ യാദവ്‌ എന്ന്‌ പതിനാറുകാരന്റെ കണ്ണ്‌ കുത്തിപൊട്ടിച്ചവരാണ്‌ ബീഹാറിലെ ഭഗല്‍പൂരുകാര്‍. ആക്രമികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും അന്ന്‌ പൊലീസ്‌ തയ്യാറായില്ല. മനുഷ്യാവകാശ ലംഘനത്തിന്‌ പേരുകേട്ട സംസ്ഥാനമായി ബീഹാര്‍ മാറിയിരിക്കുകയാണ്‌. 1979ല്‍ മുപ്പത്തൊന്ന്‌ ദലിതരെ കണ്ണില്‍ ആസിഡ്‌ ഒഴിച്ച്‌ അന്ധരാക്കിയത്‌ ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയില്‍ തന്നെയായിരുന്നു. മനുഷ്യത്വത്തിന്റെ കണികപോലുമില്ലാത്ത ചില പൊലീസുകാരായിരുന്നു അന്ന്‌ ഈ ക്രൂരകൃത്യം ചെയ്തത്‌. ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്നവരാണ്‌ ക്രൂരമായ പീഡനത്തിന്‌ ഇരയായത്‌. നിയമം കയ്യിലെടുക്കുകയെന്നത്‌ ഭഗല്‍പൂരുകാര്‍ക്ക്‌ വിനോദമാണ്‌. കാരണം പൊലീസിനെ അവര്‍ക്ക്‌ ഭയക്കേണ്ടതില്ല. എല്ലാം ദുഷ്ചെയ്തികള്‍ക്കും പൊലീസുകാര്‍ കൂട്ടുണ്ടാകും. വര്‍ഗീയ കലാപത്തിന്‌ കുപ്രസിദ്ധി നേടിയ ജില്ല കൂടിയാണ്‌ ഇത്‌. 1989ല്‍ ഇവിടുത്തെ ഒരു ഗ്രാമത്തില്‍ 116 മുസ്ലിംകളെ കൂട്ടക്കൊല ചെയ്തത്‌ മതേതര ഇന്ത്യയെ ഞെട്ടിച്ച സംഭവമായിരുന്നു. കൂട്ടക്കൊലയ്ക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍പ്പെട്ട 14 പേരെ കഴിഞ്ഞ മാസം കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചിരുന്നു. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെ ലക്ഷ്യമാക്കിയാണ്‌ ഇവിടെ നടക്കുന്ന ആക്രമണങ്ങള്‍ ഏറെയും.കഴിഞ്ഞദിവസം മുഹമ്മദ്‌ ഔറംഗസീബ്‌ എന്ന ചെറുപ്പക്കാരെന ക്രൂരമായി മര്‍ദ്ദിച്ച സംഭവം പുറത്തായതോടെ ഭഗല്‍പൂര്‍ വീണ്ടും വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുകയാണ്‌. ഈ സംഭവം സംസ്ഥാനത്തെ പൊലീസ്‌ സേനയുടെ ക്രൂരത ഒരിക്കല്‍ കൂടി വെളിപ്പെടുത്തുകയാണ്‌. ക്ഷേത്രത്തിനടുത്ത്‌ നിന്നും സ്ത്രീയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ച യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളായിരുന്നു ടെലിവിഷന്‍ ചാനലുകള്‍ പുറത്തു വിട്ടത്‌. കുറ്റാരാപിതനായ ഒരാള്‍ കുറ്റക്കാരനാവണമെന്നില്ല. കുറ്റവാളികളോട്‌ പോലും എങ്ങനെ പെരുമാറണമെന്ന്‌ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്‌. എന്നാല്‍ ബീഹാറിലെ കാടന്‍ പൊലീസുകാര്‍ക്ക്‌ ഈ നിയമങ്ങളൊന്നും ബാധകമല്ല. അക്രമികള്‍ക്കൊപ്പം നിന്ന്‌ നിയമലംഘനം നടത്തുകയാണ്‌ അവര്‍. അതിനിടെ സംഭവം രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമവും വ്യാപകമായി ആരംഭിച്ചിട്ടുണ്ട്‌. മര്‍ദ്ദനമേറ്റത്‌ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരാളായതിനാല്‍ ബീഹാറില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ ജെ ഡി പ്രക്ഷോഭവുമായി രംഗത്തെത്തി. മനുഷ്യാവകാശ ലംഘനത്തിനെതിരെയുള്ള പ്രതിഷേധമായി ഇതിനെ കാണാന്‍ കഴിയുമെങ്കിലും ആര്‍ ജെ ഡി നേതാക്കളുടെ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയാണ്‌ സംസ്ഥാനത്ത്‌ ആക്രമണങ്ങള്‍ നടക്കുന്നതെങ്കിലും പ്രശ്നത്തെ രാഷ്ട്രീയവത്കരിച്ച്‌ സങ്കീര്‍ണമാക്കാന്‍ തല്‍പര കക്ഷികള്‍ ശ്രമിക്കുകയാണെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കലാപങ്ങളുടെ ദുരിതം ഏറെ അനുഭവിച്ച പാവപ്പെട്ട കര്‍ഷക ജനതയുടെ സ്വൈര്യം നശിപ്പിക്കുകയാണ്‌ സ്വാര്‍ഥതാല്‍പര്യക്കാരായ രാഷ്ട്രീയക്കാര്‍.ആര്‍ ജെ ഡി പ്രവര്‍ത്തകര്‍ ജില്ലയിലുടനീളം പ്രതിഷേധം സംഘടിപ്പിച്ചു വരികയാണ്‌. പൊലീസ്‌ സ്റ്റേഷനിലേക്ക്‌ കല്ലെറിഞ്ഞും മാര്‍ച്ച്‌ നടത്തിയും പ്രശ്നത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കാനാണ്‌ ശ്രമം.

സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം നിതീഷ്‌ കുമാര്‍ സര്‍ക്കാറിനാണെങ്കിലും വര്‍ഗീയവത്കരിക്കാനുള്ള നീക്കം അധികൃതര്‍ തടഞ്ഞില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക്‌ ഇടയാക്കും. സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായക്കാര്‍ സുരക്ഷിതരല്ലെന്നും നിതീഷ്കുമാറിന്‌ പൊലീനുമേല്‍ നിയന്ത്രണമില്ലെന്നും പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആര്‍ ജെ ഡി പ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞു. "മുസ്ലിം യുവാവിനെ മര്‍ദ്ദിച്ചത്‌ ഭയാനകമായ സംഭവമാണ്‌. ഇതിനെക്കുറിച്ച്‌ വിവരിക്കാന്‍ വാക്കുകളില്ല"-ആര്‍ ജെ ഡി നേതാവായ ശ്യം രജെക്കിന്റെ പ്രസ്താവനക്ക്‌ പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണ്‌. ഒരു മുസ്ലിം യുവാവ്‌ പീഡനത്തിനിരയായതല്ല, ഒരു മനുഷ്യന്‍ പീഡിതനായതിലാണ്‌ പ്രതിഷേധം. മാധ്യമങ്ങള്‍ അതിനുവേണ്ടിയാണ്‌ ഈ വാര്‍ത്ത പുറത്തു വിട്ടത്‌. പൊലീസിന്റെ കാട്ടു നീതിയെന്നത്‌ സംസ്ഥാനത്ത്‌ പുതിയ പ്രതിഭാസമല്ല. ആര്‍ ജെ ഡിയും ഇതിന്‌ ഉത്തരവാദിയാണ്‌. ക്രിമിനലുകളായി മാറിയ പൊലീസ്‌ സേനയെ സമൂലമായ മാറ്റത്തിന്‌ വിധേയമാക്കണം. കുറ്റം മറ്റുള്ളവരുടെ പേരില്‍ പഴിചാരി രക്ഷപ്പെടുകയല്ല വേണ്ടത്‌. സംസ്ഥാനത്തെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ശക്തമായ നടപടികള്‍ എടുക്കേണ്ടിയിരിക്കുന്നു.

5 comments:

P muhammad sajid said...

സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ ധന്‍വീര്‍ യാദവ്‌ എന്ന്‌ പതിനാറുകാരന്റെ കണ്ണ്‌ കുത്തിപൊട്ടിച്ചവരാണ്‌ ബീഹാറിലെ ഭഗല്‍പൂരുകാര്‍. ആക്രമികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും അന്ന്‌ പൊലീസ്‌ തയ്യാറായില്ല. മനുഷ്യാവകാശ ലംഘനത്തിന്‌ പേരുകേട്ട സംസ്ഥാനമായി ബീഹാര്‍ മാറിയിരിക്കുകയാണ്‌.

പുതിയ പോസ്റ്റ്‌

chithrakaran ചിത്രകാരന്‍ said...

പ്രിയ മുഹമ്മെദ് സജിദ്,

വളരെ പ്രസക്തമായ പൊസ്റ്റ്. ഇത്രനല്ല പൊസ്റ്റ് ആരും ശ്രദ്ധിച്ചില്ലെന്നത് ചിത്രകാരനെ അതിശയിപ്പിക്കുന്നു.
താങ്കള്‍ പറഞ്ഞപോലെ ഇത് ഒരു മനുഷ്യന്‍ പീഡിപ്പിക്കപ്പെടുന്നു എന്ന അര്‍ത്ഥത്തില്‍ മാത്രമെ ചര്‍ച്ചക്കെടുക്കാവു. ആ നിലപാടിനെ ചിത്രകാരന്‍ വിലമതിക്കുന്നു.

മുക്കുവന്‍ said...

in india even if you were caught by red hand, you are not pusnished. demolishing private property is a fashion for many. looting is known and can not be stopped inside cities. In bangalore if you put your washed cloths outside for drying, mostly you wont see it in afternoon.they know that nothing is going to happen. if you want to stop this sort of issues, I guess atleast few of this incidents will help.

I know its too harsh to apply this rule to a poor man who stole bread from a bakery. but how to stop the looting very effectively?

Unknown said...

ഒരു "മുസ്ലീം" യുവാവു് പീഡിതനാവുന്നതിനെയല്ല, ഏതൊരു "മനുഷ്യന്‍" പീഡിതനാവുന്നതിനെയും എതിര്‍ക്കുന്നതാണു് മനുഷ്യധര്‍മ്മം. അതിനു് ഞാനും അടിവരയിടുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെടുത്തിയതിനു് നന്ദി!

Sameer Thikkodi said...

മനസ്സിനെ വല്ലാതെ വേദനിപ്പിച്ച ഒരു സംഭവമയിരുന്നു അത്. ടി. വി. യില്‍ ആ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞു. അതിലേറെ അതിശയിപ്പിച്ചത്... “അമ്മയെത്തല്ലിയാലും രണ്ടു പക്ഷം” എന്ന പഴം ചൊല്ല് അന്യമായിരിക്കുന്നു. പീഢിപ്പിക്കപ്പെടുന്നവന്റെ കൂടെ ഒരാള്‍ പോലും ഇല്ലാതായി എന്നുള്ളതാണ്. മൃഗീയ ക്രൂരത എന്നതിനുള്ള ഉത്തമ ഉദാഹരണം. അത് നമ്മുടെ ഭാരതത്തില്‍ ആയിപ്പോയി എന്നുള്ളതില്‍ നാം ലജ്ജിക്കുക. മതമല്ല മനുഷ്യനാണ് ഇവിടെ മനുഷ്യ മൃഗങ്ങളാല്‍ കീറിപ്പറിക്കപ്പെട്ടിരിക്കുന്നത്... മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതികരിച്ചതില്‍ സന്തോഷിക്കുന്നു.