
രാമനെ വീണ്ടും സംഘ്പരിവാര്‍ സംഘടനകള്‍ രാഷ്ട്രീയ ആയുധമാക്കുന്നു. സേതുസമുദ്രം ഷിപ്പിംഗ് കനാല്‍ പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ നഷ്ടപ്പെട്ട ഹിന്ദു വോട്ടുകള്‍ ലക്ഷ്യം വെച്ചുള്ള ഗൂഢനീക്കമാണ്. ഹിന്ദുത്വ അജണ്ട പുനരുജ്ജീവിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്ന് വര്‍ഗീയവാദികള്‍ കരുതുകയാണ്. പദ്ധതിക്കെതിരെ വ്യാപക സമരപരിപാടികള്‍ ബി ജെ പിയും വിശ്വഹിന്ദു പരിഷത്തും സംഘടിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വി എച്ച് പി രാജ്യവ്യാപകമായി മൂന്ന് മണിക്കൂര്‍ റോഡ് ഉപരോധിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ കോപ്പികള്‍ കത്തിക്കുമെന്ന് യുവമോര്‍ച്ച ഭീഷണി മുഴക്കി. അയോധ്യയും ഗോധ്രയും ബി ജെ പിയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയ രാഷ്ട്രീയ സൃഷ്ടികളായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്ത് കേന്ദ്രത്തില്‍ എളുപ്പത്തില്‍ അധികാരത്തിലേറാന്‍ ബി ജെ പിക്ക് കഴിഞ്ഞു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആയിരങ്ങളെ കൊലപ്പെടുത്തി ഗുജറാത്തില്‍ അധികാരം നിലനിര്‍ത്താന്‍ നരേന്ദ്രമോഡിക്കും സാധിച്ചു. ഈ രാഷ്ട്രീയ തന്ത്രം തന്നെയാണ് സേതുസമുദ്രം പദ്ധതിയുടെ പേരില്‍ പ്രയോഗിക്കുന്നതും. വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ ഇല്ലാതായ ഇടവേളകളെ സംഘ്പരിവാര്‍ സംഘടനകള്‍ വല്ലാതെ ഭയപ്പെടുന്നുവെന്നതിനുള്ള തെളിവു കൂടിയാണ് പുതിയ പ്രക്ഷോഭങ്ങള്‍.അധികാരം നഷ്ടപ്പെടുമ്പോള്‍ വര്‍ഗീയ കാര്‍ഡുകള്‍ ഇറക്കി ഇന്ത്യന്‍ ജനതയെ ചതിക്കുഴിയില്‍ വീഴ്ത്തിയ ചരിത്രമാണ് സംഘപരിവാറിന്റെ രാഷ്ട്രീയം. അധികാര വടംവലിയും അഴിമതിയും മൂലം തകര്‍ന്ന ബി ജെ പി സേതുസമുദ്രം പദ്ധതിയെ എങ്ങനെ വര്‍ഗീയവത്കരിക്കാന്‍ കഴിയുമെന്ന ഗവേഷണത്തിലാണിപ്പോള്‍. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നത് തങ്ങളാണെന്നാണ് ബി ജെ പി-വി എച്ച് പി നേതാക്കളുടെ ധാരണ. ന്യൂനപക്ഷമായ ഒരു വിഭാഗത്തിന്റെ വിഷം ചീറ്റുന്ന വാക്കുകളെ അംഗീകരിക്കുന്നവരല്ല രാജ്യത്തെ ഭൂരിഭാഗം വരുന്ന ഹൈന്ദവ വിശ്വാസികള്‍. മതം പോലുള്ള വൈകാരിക വിഷയങ്ങള്‍ അനാവശ്യമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കി രാഷ്ട്രീയം നേട്ടമുണ്ടാക്കാമെന്നുള്ള കുതതന്ത്രമാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍. വിശ്വഹിന്ദുപരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ പദ്ധതിക്കെതിരെ സജീവമായി രംഗത്തെത്തിയിട്ടുണ്ട്. വര്‍ഗീയ വിഷം ചീറ്റുന്ന പരാമര്‍ശങ്ങളാണ് ഇക്കാര്യത്തില്‍ അദ്ദേഹം നടത്തിയത്. കടല്‍ മാര്‍ഗമുള്ള വാണിജ്യ ബന്ധത്തിന് ഏറെ സഹായകരമാവുന്ന കനാല്‍ പദ്ധതിക്കെതിരെയുള്ള നീക്കം ഇന്ത്യയുടെ വളര്‍ച്ചയെ തുരങ്കം വെക്കാന്‍ കൂടിയാണ്. ഹൈന്ദവ വിശ്വാസ പ്രകാരം രാവണന് അപഹരിച്ച സീതയെ വീണ്ടെടുക്കാന്‍ ലങ്കയിലേക്ക് വാനരസേന കടലില്‍ കല്ലിട്ട് നിര്‍മിച്ച പാലമാണ് 'രാമര്‍ സേതു'. ഇതില്‍ തുളകള്‍ ഉണ്ടാക്കി സ്ഫോടക വസ്തുക്കള്‍ വെച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നവെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ കുപ്രചാരണം നടത്തുകയാണ്. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു നീക്കവും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. നുണപ്രചാരം നടത്തി സംഘര്‍ഷം സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതിയാണ് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യു പി എ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വിശ്വാസത്തെ വ്രണപ്പെടുത്തുന്ന നീക്കമൊന്നും സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകാത്ത സ്ഥിതിക്ക് പ്രശ്നത്തെ അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് സങ്കീര്‍ണമാക്കുകയാണ്.രാമേശ്വരത്ത് ധനഷ്കോടി മുതല്‍ തലൈമാന്നാറുവരെ ഏകദേശം 48 കിലോമീറ്റര്‍ ദൂരത്തില്‍ പാക് കടലിടുക്കിനും ഗള്‍ഫ് ഓഫ് മാന്നറിനുമിടയില് ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന ചുണ്ണാമ്പു ശൃംഖലയാണ് രാമസേതു. ഈ ഭാഗത്ത് സമുദ്രത്തിന്റെ് ആഴം മൂന്ന് മുതല്‍ പത്തു മീറ്റര്‍ വരെയാതിനാല് കപ്പല്‍ഗതാഗതം സാധ്യമല്ല. അതിനാല്‍ മണല്‍ കോരിയെടുത്ത് ആഴം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോഴത്തെ നിലയില്‍ നിന്നും കുറച്ച് മീറ്റര്‍ കൂടി ആഴം വര്‍ധിപ്പിച്ചാല്‍ മാത്രമെ കപ്പലിന് ഇതുവഴി കടന്നുവാരാന്‍ കഴിയുകയുള്ളൂ. എന്നാല്‍ 'രാമസേതു' പൂര്‍ണമായും തകര്‍ക്കുകയാണെന്ന നിരര്‍ഥകമായ പ്രചാരമാണ് വര്‍ഗീയ ശക്തികള്‍ നടത്തുന്നത്. ആര്ക്ക്യോളജിക്കല് സര്‍വെ ഓഫ് ഇന്ത്യ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവാദമായ പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. "രാമന് ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഹിമാലയത്തെപ്പോലെയും ഗംഗയെപ്പോലെയുമാണ് രാമന്. ഭഗവാന്റെ നിലനില്‍പ്പിന് യാതൊരു തെളിവിന്റെയും ആവശ്യമില്ല. ഹിന്ദുക്കളുടെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമാണ് രാമന്. നമ്മുടെ സംസ്കാരത്തില്‍ നിന്നും രാമനെ മാറ്റി നിര്‍ത്താനാവില്ല."- സര്‍ക്കാറിന്റെ നിലപാട് വിശദീകരിച്ച് നിയമമന്ത്രി എച്ച് ആര് ഭരദ്വാജ് നടത്തിയ നിരീക്ഷണം പ്രസക്തമാണ്. സത്യവാങ്മൂലത്തിലെ 5,6,20 ഖണ്ഡികകളിലെ പരാമര്‍ശങ്ങളാണ് സംഘ്പരിവാറുകാര്‍ ആയുധമാക്കിയത്. രാമായണത്തിലെ രാമനും സീതയും മറ്റുള്ളവരും തങ്ങളുടെ മതവികാരം മാത്രമാണെന്ന് ബി ജെ പിയും വി എച്ചി പിയും കരുതുന്നത് മൗഢ്യമാണ്. ഇന്ത്യയിലെ മുഴുവന്‍ ഹിന്ദുമത വിശ്വാസികളുടെയും വികാരമാണ് രാമായണം. രാഷ്ട്രീയ ലാഭത്തിനുവേണ്ടി സേതുസമുദ്രം പദ്ധതിയെ തകര്‍ക്കാമെന്നാണ് സംഘ്പരിവാര്‍ സംഘടനകളുടെ ചിന്ത. വിശ്വാസികളെ വൈകാരികമായി ചൂഷണം ചെയ്ത് വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമം അപകടകരമാണ്. ഇന്ത്യന്‍ ജനതയെ വര്‍ഗീയ കാര്‍ഡിറക്കി വീണ്ടും ചതിക്കുഴിയില്‍ വീഴ്ത്തി അധികാരത്തില്‍ കയറിപ്പറ്റാമെന്നാണ് ബി ജെ പിയുടെയും വി എച്ച് പിയും കരുതുന്നത്. പദ്ധതി നടപ്പാക്കുന്നത് വൈകിയാല്‍ ഇന്ത്യക്ക് കനത്ത നഷ്ടമാണ് ഉണ്ടാവുക. തമിഴ്നാടിന്റെ തീരദേശമേഖലയുടെ സാമ്പത്തികവും വ്യാവസായികവുമായ വളര്‍ച്ചക്ക് പദ്ധതി സഹായകരമാവും. ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തു നിന്ന് കിഴക്ക് ഭാഗത്തേക്ക് കടല്‍ മാര്‍ഗമുള്ള ചരക്കു ഗതാഗതം സുഖമമാക്കാന്‍ പദ്ധതിയിലൂടെ കഴിയും. വലിയ കപ്പലുകള്‍ക്ക് 650 കിലോമീറ്ററോളം ദൂരം ലാഭിക്കാന്‍ കഴിയും. തുത്തിക്കോണം തുറമുഖത്തിന് വന്‍ നേട്ടമാണ് ഉണ്ടാവുക. എന്നോര്, കുദ്ദലൂര്, നാഗപട്ടണം, തോന്ദി, വലിനോകം, കുളച്ചല്‍, കന്യാകുമാരി എന്നിവയടക്കം പതിമൂന്ന് തുറമുഖങ്ങള്‍ക്ക് കപ്പല്‍ ഗതാഗതം ഏറെ പ്രയോജനം ചെയ്യുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ പറയുന്നു. സേതുസമുദ്രം കനാലിന്റെയും തുറമുഖത്തിന്റെയും വികസനം സംസ്ഥാനത്തെ തീരദേശ സുരക്ഷ ശക്തമാക്കാനിടയാക്കും. മധ്യപൗരസ്ത്യ ദേശം, ആഫ്രിക്ക, മൗറീഷ്യസ്, യൂറോപ് എന്നിവിടങ്ങളില്‍ നിന്നുള്ള വന്‍ കപ്പലുകള്‍ക്ക് വെറും എട്ടു മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെത്താന്‍ ഈ കനാല്‍ പദ്ധതിയിലൂടെ സാധിക്കും. വന്‍ സാമ്പത്തിക നേട്ടമാണ് ഇതിലൂടെ ലഭിക്കുക. ആഫ്രിക്ക, യൂറോപ് എന്നിവിടങ്ങളില്‍ നിന്നും ചരക്കുകളുമായി വരുന്ന കപ്പലുകള്‍ക്ക് 4,992 ഡോളറാണ് ചെലവു വരുന്നത്. യാത്രാ സമയം ലാഭിക്കുന്നതിലൂടെ ചെലവ് പകുതിയായി കുറയ്ക്കാന്‍ കഴിയും. ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയില്‍ മുപ്പത് കിലോ മീറ്റര്‍ ദൂരത്തില്‍ കപ്പല്‍ ഗതാഗതം സാധ്യമാക്കുന്ന പദ്ധതി കൂടിയാണ് സേതുസമുദ്രം.