
മുപ്പത് വര്‍ഷം മുമ്പ് പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ താമസിച്ചിരുന്ന ഹല്‍ദിയ ഗ്രാമത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ വിഭിന്നമാണ്. സ്വകാര്യ മൂലധനം ഹല്‍ദിയയെ വികസനത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. ദൗര്‍ഭാഗ്യകരമെന്ന് പറയെട്ടെ ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന ഹല്‍ദിയ നദി നന്ദിഗ്രാമിനെ പാവങ്ങളുടെ ഗ്രാമമാക്കി മാറ്റിയിരിക്കുന്നു. കാര്‍ഷിക വൃത്തിയുമായി ജീവിതം തള്ളി നീക്കുന്ന പാവങ്ങളാണ് അവിടെയുള്ളത്. ഹല്‍ദിയയെ നന്ദിഗ്രാമുമായി ബന്ധിപ്പിക്കുന്ന ഒരു പാലം നിര്‍മിച്ച് അവിടെ വികസനത്തിന്റെ വെളിച്ചം എത്തിക്കും'-ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ ഈ നിരീക്ഷണം സംസ്ഥാനത്ത് വീണ്ടും നടപ്പാക്കാന്‍ പോകുന്ന സാമ്പത്തിക പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ സൂചനയാണ്. ബുദ്ധദേബ് നിര്‍മിക്കാന്‍ പോകുന്ന 'വികസനത്തിന്റെ പാലം' ജനവിരുദ്ധമായ സാമ്പത്തിക നയത്തിന്റെ ഭാഗമാണെന്നുള്ള വിമര്‍ശനം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വേണ്ടി കര്‍ഷകരെ കൊന്നൊടുക്കിയാണ് മുഖ്യമന്ത്രി വ്യവസായവത്കരണത്തിന് തുടക്കമിട്ടത്. കോണ്‍ഗ്രസിന്റെ മാനുഷിക മുഖമുള്ള സാമ്പത്തിക നയത്തില്‍ നിന്നും വ്യത്യസ്തമായി വന്‍കിട കമ്പനികള്‍ക്ക് കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് നല്‍കുന്ന സര്‍ക്കാര്‍ നീക്കം വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തും. രാജ്യത്തിന് ദോഷകരമായി ബാധിക്കാത്ത സ്വദേശ-വിദേശ സ്വകാര്യ നിക്ഷേപങ്ങള്‍ സ്വീകരിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയം. എന്നാല്‍ വ്യവസായവത്കരണത്തിന്റെ പേരില്‍ കര്‍ഷകരെ കണ്ണീര് കുടിപ്പിക്കുകയാണ് ബംഗാളിലെ സി പി എം സര്‍ക്കാര്‍.ഹല്‍ദിയ ഗ്രാമത്തിന്റെ സ്ഥിതി യഥാര്‍ഥത്തില്‍ അവിടം സന്ദര്‍ശിച്ചവര്‍ വ്യക്തമാക്കിട്ടുണ്ട്. സ്വകാര്യ മൂലധനം പാവപ്പെട്ട കര്‍ഷരുടെ ജീവിതത്തിലുണ്ടാക്കിയ പരുക്കുകള്‍ ഭീകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എതിര്‍പ്പുകളെ അവഗണിച്ച് പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന ബുദ്ധദേബിന്റെ പ്രഖ്യാപനം വംഗനാട്ടില്‍ വീണ്ടും കര്‍ഷക സമരത്തിന്റെ തീപടര്‍ത്തും. മുതലാളിത്ത നയങ്ങള്‍ പിന്തുടര്‍ന്ന് കമ്യൂണിസത്തിന് പുതിയ ഭാഷ്യം രചിക്കാനുള്ള സംസ്ഥാനത്തെ സി പി എം നേതാക്കളുടെ നീക്കത്തിന് പിന്നില്‍ 'സാമ്പത്തിക ലക്ഷ്യം' തന്നെയാണെന്ന് തീവ്ര ഇടതുപക്ഷ ബുദ്ധിജീവികള്‍ വിമര്‍ശിക്കുന്നു. വരട്ട് തത്വവാദങ്ങളില്‍ വിശ്വാസമില്ലെന്നും സംസ്ഥാനത്തേക്ക് പണം ഒഴുക്കുന്ന വിദേശ കമ്പനികളെ സ്വീകരിക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാടാണ് നന്ദിഗ്രാമിനെ കലാപത്തിലേക്ക് നയിച്ചത്. മാര്‍ച്ച് 14ന് ഈ കര്‍ഷകഗ്രാമത്തിലുണ്ടായ പൊലീസ് വെടിവെപ്പില്‍ പതിനാല് പേര്‍ കൊല്ലപ്പെട്ടത് രാജ്യ വ്യാപകമായി വന്‍ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വ്യവസായം തുടങ്ങാന്‍ പാവപ്പെട്ട കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ് സംസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭം ഇളക്കിവിട്ടത്. ഇന്തോനേഷ്യന്‍ കമ്പനിയായ സലിം ഗ്രൂപ്പിന് രാസവള നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായിരുന്നു നന്ദിഗ്രാമിലെ നൂറ് കണക്കിന് എക്ര സ്ഥലം കര്‍ഷകരില്‍ നിന്നും പിടിച്ചെടുത്തത്. സിംഗൂരില്‍ ടാറ്റയുടെ കാര്‍ഫാക്ടറി സ്ഥാപിക്കുന്നതിനായി കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്തതും ബുദ്ധദേബിന്റെ ജനവിരുദ്ധ മുതലാളിത്ത ചിന്താഗതിയെ പ്രതിഫലിപ്പിച്ച സംഭവമായിരുന്നു. സ്വന്തം ഭൂമിവിട്ട് പോകാന്‍ തയ്യാറാകാത്ത കര്‍ഷകരെ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തി ഒഴിപ്പിക്കാന്‍ സി പി എമ്മിന്റെ പ്രദേശിക നേതൃത്വം ശ്രമം നടത്തി. ഒഴിഞ്ഞു പോകാന്‍ തയ്യാറാകാത്തവരെ ക്രൂരമായി മര്‍ദ്ദിക്കുകയും സ്ത്രീകളെ ബലാത്സംഗത്തിന് വിധേയമാക്കുകയും ചെയ്തു. പ്രദേശിക സി പി എം നേതാക്കളുടെ നേതൃത്വത്തിലായിരുന്നു കര്‍ഷകരെ ക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കിയത്. എന്നാല്‍ ജനങ്ങളുടെ ശക്തമായ ചെറുത്ത് നില്‍പ്പ് മൂമ്പില്‍ ബുദ്ധദേബിന് തന്റെ നയം നടപ്പാക്കാന്‍ കഴിഞ്ഞില്ല. കര്‍ഷകരെ വെടിവെച്ച് കൊന്നതിനെതിരെ ശക്തമായ പ്രതിഷേധം അലടിച്ചതിനെത്തുര്‍ന്ന് പുതിയ സാമ്പത്തിക നയത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് തല്‍ക്കാലം പിന്തിരിയേണ്ടി വന്നു. എന്നാല്‍ സലിം ഗ്രൂപ്പിനെ തിരിച്ചയക്കുമെന്ന് സി പി എം പറഞ്ഞിട്ടില്ല. ഇതേ നിലപാട് തന്നെയാണ് സിംഗൂരിലെ ടാറ്റയുടെ കാര്‍ഫാക്ടറിയുടെ കാര്യത്തിലുമുള്ളത്. ജനവികാരത്തിന് മുമ്പില്‍ തലകുനിക്കാന്‍ ഒരുക്കമല്ലെന്നു തന്നെയാണ് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് ബുദ്ധദേബ് നല്‍കിയ അഭിമുഖത്തില്‍ നിന്നും വ്യക്തമാവുന്നത്. സോഷ്യലിസ്റ്റ് ആദര്‍ള്‍ങ്ങള്‍ക്കൊണ്ട് കാര്യമില്ലെന്നും സ്വകാര്യ മൂലധനത്തിലൂടെ മാത്രമെ സംസ്ഥാനത്ത് വികസനം കൊണ്ടുവാരാന്‍ കഴിയൂ എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. വ്യവസായവത്കരണത്തിന് സ്വദേശ-വിദേശ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനുവേണ്ടി നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും ഘടകകക്ഷികളുടെ എതിര്‍പ്പിനെ അവഗണിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. നന്ദിഗ്രാം സംഭവത്തിന് ശേഷവും മുന്‍നിലപാട് തുടരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സംസ്ഥാനത്തെ കര്‍ഷക ജനതയില്‍ വീണ്ടും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രത്യേക സാമ്പത്തിക മേഖലകള്‍(സെസ്)വ്യാപിപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കര്‍ഷകരുടെ ഭൂമിയാണ് ഇതിനായി ഉപയോഗപ്പെടുത്തുക. പടിഞ്ഞാറന്‍ മിഡ്നാപൂരിലെ കാര്‍ഷിക മേഖലയായ പഷ്കിമില്‍ സ്റ്റീല്‍ കമ്പനി സ്ഥാപിക്കാന്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുകയാണ്. ബുര്‍ദ്വാനിലും പുരുളിയ ജില്ലയിലും ഇത്തരം കമ്പനികള്‍ സ്ഥാപിക്കും. വീഡിയോ കോണിന് പ്രത്യേക സാമ്പത്തിക മേഖല അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു കഴിഞ്ഞു. ഈ നിലപാടുകള്‍ക്കെതിരെ ഉയരുന്ന പ്രതിപക്ഷ വിമര്‍ശനങ്ങളെ അവഗണിക്കാനാണ് ബുദ്ധദേബ് നിര്‍ദേശിച്ചത്. ഫോര്‍വേര്‍ഡ് ബ്ലോക്ക് പോലുള്ള സഖ്യകക്ഷികളെ മറികടന്നും സി പി എം തീരുമാനമെടുത്തേക്കും. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ വികസനത്തിന് കാരണം സ്വകാര്യ മൂലധനമാണെന്നാണ് സര്‍ക്കാര്‍ ഇതിന് ന്യായവാദമായി പറയുന്നത്.കര്‍ഷകരെ ഭൂമിയില്‍ നിന്നും ഒഴിപ്പിക്കുമ്പോള്‍ പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വഴിയാധാരമായ കര്‍ഷകരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ കമ്പനികളോട് നിര്‍ദേശിക്കില്ലെന്നുമാണ് ബുദ്ധദേബിന്റെ നയം. വ്യവസായവത്കരണത്തിന്റെ ഭാഗമായി കാര്‍ഷിക ഭൂമിയുടെ ഒരു ഭാഗം ഏറ്റെടുക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കൃഷി ചെയ്ത് ജീവിക്കുന്ന ജനങ്ങളുടെ കാര്യത്തില്‍ നയം വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. സ്റ്റീല്‍ കമ്പനികള്‍ സ്ഥാപിക്കുന്ന സ്ഥലത്തെ കര്‍ഷകരെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. സിംഗൂരിലെ 12,000ത്തോളം കുടുംബങ്ങള്‍ക്ക് ജോലി നല്‍കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറയുന്നു. കുടിയിറക്കപ്പെടുന്ന കര്‍ഷകരുടെ പുനരധിവാസക്കാര്യവും ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. കൃഷി ചെയ്ത് ജീവിക്കുന്ന പാവങ്ങളുടെ ഭൂമി പിടിച്ചെടുത്ത് വന്‍കിട കമ്പനികള്‍ക്ക് നല്‍കുന്നതിലൂടെ സി പി എം ലക്ഷ്യമിടുന്നത് എന്താണെന്ന് വ്യക്തമാണ്. കേവലം സാമ്പത്തിക പരിഷ്കരണം മാത്രമല്ല ഇതിന് പിന്നില്‍. സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നതിലുടെ ലഭിക്കുന്ന 'പ്രത്യുപകാരത്തി'ലാണ് സി പി എം നേതൃത്വത്തിന്റെ നോട്ടം. ഇടതുപക്ഷ സാമ്പത്തിക വിദഗ്ധരായ പ്രഭാത് പട്നായിക്, ജയന്തി ഗോഷ്, ഉത്സ പട്നായിക് തുടങ്ങിയവരുടെ വീക്ഷണങ്ങളെ ബുദ്ധദേബ് ശക്തമായി എതിര്‍ക്കുകയാണ്. യഥാര്‍ഥ സ്ഥിതിയെക്കുറിച്ച് അറിയാതെ സര്‍ക്കാറിനെ വിമര്‍ശിക്കരുതെന്നും ലോക ബാങ്ക്, എ ഡി ബി, ഡി എഫ് ഐ ഡി, ജപ്പാനീസ് ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നും വായ്പയെടുക്കാമെന്ന് ഡല്‍ഹിയില്‍ നടന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബുദ്ധിജീവികള്‍ പാര്‍ട്ടി തീരുമാനം പിന്തുടരുകയാണ് വേണ്ടതെന്ന ബുദ്ധദേബിന്റെ നിലപാട് ജനവിരുദ്ധ മുതലാളിത്ത പരീക്ഷണങ്ങളില്‍ നിന്നും അദ്ദേഹം പിന്മാറില്ലെന്നു തന്നെയാണ് സൂചിപ്പിക്കുന്നത്.
3 comments:
മാനുഷിക മുഖമില്ലാത്ത സാമ്പത്തിക നയവുമായി മുന്നോട്ട് പോകുന്ന ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബിന്റെ നീക്കത്തിനെതിരെ ഒരു നിരീക്ഷണം
കാലത്തിനനുയോജ്യമായ ലേഖനം. അഭിനന്ദനങ്ങള്‍
വളരെ നല്ല ലേഖനം. വിവരങ്ങള്‍ സമര്‍ദ്ധമായി അവതരിപ്പിച്ചിരിയ്ക്കുന്നു.
Post a Comment