
കോഴകേസുകളില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എടുത്ത തീരുമാനങ്ങള്‍ അട്ടിമറിക്കാന്‍ സി പി എം നേതാക്കള്‍ ഗൂഢാലോചന നടത്തുന്നു. ചില ഉന്നതരായ നേതാക്കളാണ് ആസൂത്രിതമായ ഈ നീക്കത്തിന് പിന്നില്‍. സംസ്ഥാന ഘടകത്തെ പിടിച്ചുകുലുക്കിയ അഴിമതിയാരോപണങ്ങള്‍ തേച്ചുമാച്ചുകളഞ്ഞ് സ്വയം വെള്ളപൂശാനുള്ള ശ്രമത്തിലാണ് സംസ്ഥാന സെക്രട്ടറിയും പരിവാരങ്ങളും. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പണമിടപാട് സ്ഥാപനത്തില്‍ നിന്നും ഒരു കോടി കോഴ വാങ്ങിയതും ലോട്ടറി രാജാവ് സാന്തിയാഗൊ മാര്‍ട്ടിനില്‍ നിന്നും രണ്ട് കോടി കൈപ്പറ്റിയതും വെറും ആരോപണങ്ങള്‍ മാത്രമാണെന്നാണ് ഇപ്പോള്‍ സി പി എം പറയുന്നത്. താന്‍ പണം നല്‍കിയിട്ടില്ലെന്ന് ലിസ് ചെയര്മാന് പി വി ചാക്കോയും താന്‍ പണം വാങ്ങിയിട്ടില്ലെന്ന് ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ വേണുഗോപാലും വ്യക്തമാക്കി സാഹചര്യത്തില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.ലിസ് ചെയര്‍മാനും സി പി എമ്മിലെ പിണായി വിഭാഗം നേതാക്കളും നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ പി ജയരാജന് എന്നിവര്‍ വേണുഗോപാലിനെ കോഴ വാങ്ങാനുള്ള ഇടനിലക്കാരനായി ഉപയോഗിക്കുകയായിരുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. അഴിമതിയുടെ ചളിക്കുണ്ടില്‍ നിന്നും രക്ഷപ്പെടാന്‍ വേണുഗോപാലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി നേതാക്കള്‍ മുഖം രക്ഷിക്കാന്‍ ശ്രമം നടത്തി. സാമ്പത്തിക അഴിമതി പുറത്തുകൊണ്ടു വന്നത് പാര്‍ട്ടി തന്നെയാണെന്ന് നേതാക്കള്‍ മാധ്യമ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞെങ്കിലും ഇപ്പോള്‍ വേണുഗോപാലിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കയാണ്.ലിസിന്റെ കേസൊതുക്കി കൊടുക്കാന്‍ വേണുഗോപാലിനെപ്പോലുള്ള ഒരാള്‍ക്ക് കഴിയില്ലെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. വേണുഗോപാലിനെ മുന്നില്‍ നിര്‍ത്തി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള വമ്പന്‍ സ്രാവുകളാണ് പണം വാങ്ങിയത്. തന്നെ ബലിയാടാക്കിയതില്‍ ദുഃഖിതനായ വേണുഗോപാല്‍ എല്ലാം തുറന്നു പറഞ്ഞാലോ എന്ന ഭയം നേതാക്കളെ വേട്ടയാടിയിരുന്നു. ഈ ഭീതിയാണ് വേണുഗോപാലിനെ കേസില്‍ നിന്ന് ഊരിയെടുക്കാന്‍ സി പി എം കൊണ്ടുപിടിച്ച ശ്രമം നടത്തിയത്. അതിലവര്‍ വിജയിക്കുകയും ചെയ്തു. വേണുഗോപാലിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചു കഴിഞ്ഞു. കോഴവാങ്ങിയ ആളെക്കുറിച്ചും നല്കിയ ആളെക്കുറിച്ചും ഒരു തെളിവും ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ കോഴവാങ്ങാത്ത വേണുഗോപാലിനെ പാര്‍ട്ടിയില്‍ നിന്നും ദേശാഭിമാനിയില്‍ നിന്നും പുറത്താക്കിയതെന്തിനാണെന്ന ചോദ്യത്തിന് സി പി എം നേതാക്കള്‍ മൗനം പാലിക്കുകയാണ്. പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് യോജിക്കാത്ത രീതിയില്‍ പണമിടപാട് നടത്തിയതിന് വേണുഗോപാലിനെ പുറത്താക്കിയതായി ജൂലൈ 23ന് ദേശാഭിമാനി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സി പി എം അണികളെപ്പോലും അത്ഭുതപ്പെടുത്തി വേണുഗോപാല്‍ നിരപരാധിയാണെന്നാണ് പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ പറയുന്നത്. സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വേണുഗോപാല്‍ ലിസില് നിന്നും കോയ വാങ്ങിയിട്ടുണ്ടെന്ന് സംശയരഹിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കാരാട്ട് പോലും അറിയാതെ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന്റെ വഴി തിരിച്ചുവിടുകയായിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അച്യുതാനന്ദന് ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്ത് കടിച്ച് തൂങ്ങിനില്ക്കാനുള്ള പ്രയത്നത്തിനിടയില്‍ അച്യുതാനന്ദന് അത്തരമൊരു 'സാഹസ'ത്തിന് മുതിരാനിടയില്ല.ലോട്ടറി രാജാവില്‍ നിന്നും വാങ്ങിയ രണ്ട് കോടിയുടെ കാര്യത്തിലും ഇതേ നിലപാട് തന്നെയാണ് പാര്‍ട്ടി നേതൃത്വത്തിന്. പണം തിരിച്ചുകൊടുക്കുമെന്ന പാര്‍ട്ടി തീരുമാനം ഇതിലേക്ക് വെളിച്ചം വീശുന്നതാണ്. മാര്‍ട്ടിനും സി പി എം നേതാക്കളും നടത്തിയ ഒത്തുകളിയാണ് ഈ തീരുമാനത്തിലൂടെ മറനീക്കി പുറത്തുവന്നത്. തനിക്ക് പണം തിരികെ ലഭിച്ചെന്ന് മാര്ട്ടിന് ഉടന്‍ തന്നെ വ്യക്തമാക്കും. ജനങ്ങള്‍ക്ക് മുമ്പില്‍വെച്ച് കോഴപ്പണം തിരികെ നല്കിയാലും സി പി എമ്മിന് നാറിയ മുഖം രക്ഷിക്കാനാവില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് നാടകം കളിക്കുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ജീര്‍ണതയാണ് ലിസ് കോഴകേസിന്റെ അന്ത്യത്തിലൂടെ വ്യക്തമാകുന്നത്. ലോട്ടറി രാജാവില്‍ നിന്നും കോഴ കൈപ്പറ്റിയത് സംബന്ധിച്ച അന്വേഷണം നടത്തുന്നത് മന്ത്രി കോടിയേരി ബാലകൃഷ്ണ്‍റ്റെ നേതൃത്വത്തിലാണ്. പണമിടപാടില്‍ പങ്ക് ലഭിക്കാത്തതിലുള്ള പ്രതിഷേധം കോടിയേരി പ്രകടിപ്പിച്ചെങ്കിലും പിണറായിയും ഇ പി ജയരാജനും നേതൃത്വം നല്കുന്ന അവിശുദ്ധ സഖ്യത്തിന്റെ തിളപ്പില്‍ നിന്നും പെട്ടെന്നൊഴിയാന്‍ അദ്ദേഹത്തിന് കഴിയില്ല. അതുകൊണ്ടു തന്നെ പാര്‍ട്ടിയില്‍ തീവെട്ടിക്കൊള്ളകള്‍ തുടരുക തന്നെ ചെയ്യുമെന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.