
സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച് ധന്വീര് യാദവ് എന്ന് പതിനാറുകാരന്റെ കണ്ണ് കുത്തിപൊട്ടിച്ചവരാണ് ബീഹാറിലെ ഭഗല്‍പൂരുകാര്‍. ആക്രമികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും അന്ന് പൊലീസ് തയ്യാറായില്ല. മനുഷ്യാവകാശ ലംഘനത്തിന് പേരുകേട്ട സംസ്ഥാനമായി ബീഹാര്‍ മാറിയിരിക്കുകയാണ്. 1979ല്‍ മുപ്പത്തൊന്ന് ദലിതരെ കണ്ണില്‍ ആസിഡ് ഒഴിച്ച് അന്ധരാക്കിയത് ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയില്‍ തന്നെയായിരുന്നു. മനുഷ്യത്വത്തിന്റെ കണികപോലുമില്ലാത്ത ചില പൊലീസുകാരായിരുന്നു അന്ന് ഈ ക്രൂരകൃത്യം ചെയ്തത്. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. നിയമം കയ്യിലെടുക്കുകയെന്നത് ഭഗല്‍പൂരുകാര്‍ക്ക് വിനോദമാണ്. കാരണം പൊലീസിനെ അവര്‍ക്ക് ഭയക്കേണ്ടതില്ല. എല്ലാം ദുഷ്ചെയ്തികള്‍ക്കും പൊലീസുകാര്‍ കൂട്ടുണ്ടാകും. വര്‍ഗീയ കലാപത്തിന് കുപ്രസിദ്ധി നേടിയ ജില്ല കൂടിയാണ് ഇത്. 1989ല്‍ ഇവിടുത്തെ ഒരു ഗ്രാമത്തില്‍ 116 മുസ്ലിംകളെ കൂട്ടക്കൊല ചെയ്തത് മതേതര ഇന്ത്യയെ ഞെട്ടിച്ച സംഭവമായിരുന്നു. കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍പ്പെട്ട 14 പേരെ കഴിഞ്ഞ മാസം കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെ ലക്ഷ്യമാക്കിയാണ് ഇവിടെ നടക്കുന്ന ആക്രമണങ്ങള്‍ ഏറെയും.കഴിഞ്ഞദിവസം മുഹമ്മദ് ഔറംഗസീബ് എന്ന ചെറുപ്പക്കാരെന ക്രൂരമായി മര്‍ദ്ദിച്ച സംഭവം പുറത്തായതോടെ ഭഗല്‍പൂര്‍ വീണ്ടും വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. ഈ സംഭവം സംസ്ഥാനത്തെ പൊലീസ് സേനയുടെ ക്രൂരത ഒരിക്കല്‍ കൂടി വെളിപ്പെടുത്തുകയാണ്. ക്ഷേത്രത്തിനടുത്ത് നിന്നും സ്ത്രീയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ച യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളായിരുന്നു ടെലിവിഷന്‍ ചാനലുകള്‍ പുറത്തു വിട്ടത്. കുറ്റാരാപിതനായ ഒരാള്‍ കുറ്റക്കാരനാവണമെന്നില്ല. കുറ്റവാളികളോട് പോലും എങ്ങനെ പെരുമാറണമെന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. എന്നാല്‍ ബീഹാറിലെ കാടന്‍ പൊലീസുകാര്‍ക്ക് ഈ നിയമങ്ങളൊന്നും ബാധകമല്ല. അക്രമികള്‍ക്കൊപ്പം നിന്ന് നിയമലംഘനം നടത്തുകയാണ് അവര്‍. അതിനിടെ സംഭവം രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമവും വ്യാപകമായി ആരംഭിച്ചിട്ടുണ്ട്. മര്‍ദ്ദനമേറ്റത് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരാളായതിനാല്‍ ബീഹാറില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ആര് ജെ ഡി പ്രക്ഷോഭവുമായി രംഗത്തെത്തി. മനുഷ്യാവകാശ ലംഘനത്തിനെതിരെയുള്ള പ്രതിഷേധമായി ഇതിനെ കാണാന്‍ കഴിയുമെങ്കിലും ആര് ജെ ഡി നേതാക്കളുടെ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയാണ് സംസ്ഥാനത്ത് ആക്രമണങ്ങള്‍ നടക്കുന്നതെങ്കിലും പ്രശ്നത്തെ രാഷ്ട്രീയവത്കരിച്ച് സങ്കീര്‍ണമാക്കാന്‍ തല്പര കക്ഷികള്‍ ശ്രമിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കലാപങ്ങളുടെ ദുരിതം ഏറെ അനുഭവിച്ച പാവപ്പെട്ട കര്‍ഷക ജനതയുടെ സ്വൈര്യം നശിപ്പിക്കുകയാണ് സ്വാര്ഥതാല്പര്യക്കാരായ രാഷ്ട്രീയക്കാര്‍.ആര് ജെ ഡി പ്രവര്‍ത്തകര്‍ ജില്ലയിലുടനീളം പ്രതിഷേധം സംഘടിപ്പിച്ചു വരികയാണ്. പൊലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞും മാര്‍ച്ച് നടത്തിയും പ്രശ്നത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കാനാണ് ശ്രമം.
